മാഡ്രിഡ്: ബാഴ്‌സലോണയും വിവാദങ്ങളും അതിന്‍റെ വഴിക്ക് പോകുമ്പോഴും ഫുട്‌ബോൾ താരങ്ങളില്‍ ഏറ്റവും സമ്പന്നൻ സാക്ഷാല്‍ ലയണല്‍ മെസി തന്നെ. പ്രമുഖ ബിസിനസ് മാസികയായ ഫോബ്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 126 ദശലക്ഷം ഡോളറാണ് ഈ വർഷം ഇതുവരെയുള്ള മെസിയുടെ വരുമാനം. യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തൊട്ടുപിന്നില്‍ 11 ദശലക്ഷം ഡോളറാണ് ക്രിസ്റ്റ്യാനോയുടെ വരുമാനം. 96 ദശക്ഷം ഡോളറുമായി പിഎസ്‌ജിയുടെ നെയ്‌മറാണ് ഫോബ്‌സിന്‍റെ പട്ടികയിലെ മൂന്നാമത്തെ ധനികനായ ഫുട്‌ബോൾ താരം.
പ്രതിഫല തുകയായി 92 ദശലക്ഷം ഡോളറും പരസ്യമടക്കമുള്ള കാര്യങ്ങളില്‍ നിന്ന് 34 ദശലക്ഷം ഡോളറുമാണ് മെസിയുടെ വരുമാനം. ഓരോ കിരീട നേട്ടത്തിനും ലഭിക്കുന്ന വരുമാനത്തിലും വർധനയുണ്ടാകും. 33 കാരനായ മെസിക്ക് പ്രധാനമായും അഡിഡാസ്, പെപ്‌സി, ഗരോറെഡെ, ഹുവാവെ, മാസ്റ്റർ കാർഡ് എന്നിവയുമായാണ് പരസ്യ കരാറുള്ളത്. അതോടൊപ്പം സ്വന്തം ബിസിനസില്‍ നിന്നുള്ള വരുമാനം വേറെ. ഹോട്ടല്‍, വസ്ത്രവ്യാപാരം, തീം പാർക്ക് എന്നിവയിലും മെസിക്ക് പങ്കാളിത്തമുണ്ട്.
കെലിയൻ എംബാപെ ( 42 ദശലക്ഷം ഡോളർ), മുഹമ്മദ് സലാ( 37 ദശലക്ഷം ഡോളർ), പോൾ പോഗ്‌ബ ( 34 ദശലക്ഷം ഡോളർ), ഗാരെത് ബെയ്‌ല്‍ ( 29 ദശലക്ഷം ഡോളർ), എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.