ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണക്ക് വേണ്ടി 500 മത്സരങ്ങള്‍ കളിച്ച് അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ ഹുയേസ്‌കയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. മെസിയുടെ അസിസ്റ്റില്‍ 27ാം മിനിട്ടില്‍ ഡച്ച് ഫുട്‌ബോളര്‍ ഫ്രാങ്കി ഡി ജോങ്ങാണ് ബാഴ്‌സക്കായി വല കുലുക്കിയത്. ക്ലബിന് വേണ്ടി വിവിധ ലീഗുകളില്‍ മെസി ബൂട്ടണിയുന്ന 750ാമത്തെ മത്സരം കൂടിയായിരുന്നു ഇത്.
നേരത്തെ ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോയ സാഹചര്യത്തില്‍ ഐബറിനെതിരായ മത്സരത്തില്‍ ബാഴ്‌സക്കായി മെസി കളിച്ചിരുന്നില്ല. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ബാഴ്‌സക്ക് വേണ്ടി 500 മത്സരങ്ങള്‍ തികക്കുന്ന ആദ്യ അര്‍ജന്‍റീനന്‍ താരമാണ് മെസി. ഇതിന് മുമ്പ് സ്‌പാനിഷ് താരങ്ങള്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. 767 മത്സരങ്ങള്‍ കളിച്ച ക്സാവി ഫെര്‍ണാണ്ടസാണ് പട്ടികയില്‍ ഒന്നാമത്. 17 മത്സരങ്ങള്‍ കൂടി കളിച്ചാല്‍ ക്സാവിയുടെ നേട്ടത്തിനൊപ്പമെത്താന്‍ മെസിക്ക് സാധിക്കും.
സ്‌പാനിഷ് ലാലിഗയിലെ പോയിന്‍റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബാഴ്‌സലോണ. 16 മത്സരങ്ങളില്‍ നിന്നും 28 പോയിന്‍റാണ് ബാഴ്‌സക്കുള്ളത്.