മാഡ്രിഡ്: പുതിയ പരിശീലകൻ റൊണാൾഡ് കോമാൻ വന്നതോടെ ബാഴ്‌സലോണ പുതിയ പരീക്ഷണങ്ങൾക്ക് തുടക്കമിടുകയാണ്. സൂപ്പർ താരം മെസിക്കൊപ്പം മുന്നേറ്റത്തില്‍ നിറഞ്ഞു നിന്ന ലൂയി സുവാരസിന് പകരം ഹോളണ്ട് താരം മെംഫിസ് ഡീപേ ബാഴ്‌സയിലേക്ക് വരുന്നു. ഫ്രഞ്ച് ലീഗിലെ വമ്പൻമാരായ ലിയോണില്‍ നിന്നാണ് ഡീപേ 28 മില്യൺ പൗണ്ട് കൈമാറ്റ തുകയ്ക്ക് ബാഴ്‌സയിലെത്തുന്നത്.
കോമാൻ ഹോളണ്ട് ദേശീയ ടീം പരിശീലകനായിരുന്നപ്പോൾ ഡീപേ അദ്ദേഹത്തിന് കീഴില്‍ കളിച്ചിട്ടുണ്ട്. 26 കാരനായ ഡീപെയെ നേരത്തെ കോമാന് അറിയാമായിരുന്നു എന്നതും നേട്ടമായി. അടുത്ത ദിവസങ്ങളില്‍ വൈദ്യ പരിശോധന പൂർത്തിയാക്കി ഡീപേ ബാഴ്‌സയ്‌ക്കൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ബാഴ്‌സയുടെ ആദ്യ ലാലിഗ മത്സരം മുതല്‍ ഡീപേ ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പായി. ഈമാസം 27ന് വില്ലാറയലുമായാണ് ബാഴ്‌സയുടെ ആദ്യ മത്സരം.
2017 ജനുവരിയില്‍ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്നാണ് മെംഫിസ് ഡീപേ ഫ്രഞ്ച് ക്ലബായ ലിയോണില്‍ എത്തുന്നത്. ഫ്രഞ്ച് ലീഗില്‍ പുതിയ സീസണിലെ ആദ്യമത്സരത്തില്‍ ഹാട്രിക്കുമായി മികച്ച തുടക്കമാണ് ഡീപേ നടത്തിയത്. ഡീപേ ടീമിലെത്തുന്നതോടെ ലൂയി സുവാരസ് കാഴ്‌ചക്കാരന്‍റെ റോളിലേക്ക് മാറേണ്ടി വരുമെന്നാണ് സൂചന. ബാഴ്‌സയുടെ മുന്നേറ്റത്തില്‍ മെസിക്കും അന്‍റോണിയോ ഗ്രീസ്‌മാനുമൊപ്പം ഇനി മെംഫിസ് ഡീപേയെ കാണാം.