പാരീസ്: പിഎസ്‌ജി കുപ്പായത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും. രാത്രി 12.15ന് ആരംഭിക്കുന്ന മത്സരത്തില്‍ റെയിംസിനെതിരെയാണ് താരം അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
ഒരു സ്പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കഴിഞ്ഞ ആഴ്ച കോച്ച് മൗറിഷ്യോ പൊച്ചെറ്റീനോ ഇത് സംബന്ധിച്ച സൂചന നല്‍കിയിരുന്നെങ്കിലും ഉറപ്പ് നല്‍കിയില്ല.
കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ പോവുകയാണെങ്കില്‍ അടുത്ത ആഴ്ച നടക്കുന്ന മത്സരത്തിലെ പിഎസ്‌ജി സ്‌ക്വാഡില്‍ മെസിയുണ്ടാവുമെന്നായിരുന്നു പോച്ചെറ്റിനോ പറഞ്ഞത്.
അതേസമയം ശനിയാഴ്ചയും മെസി ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. ടീമിന്‍റെ ആദ്യ മൂന്ന് മത്സരങ്ങളിലും ഉള്‍പ്പെടാതിരുന്ന താരം ഇന്ന് കളത്തിലിറങ്ങിയില്ലെങ്കില്‍ അരങ്ങേറ്റത്തിനായി സെപ്റ്റംബര്‍ 12 വരെ കാത്തിരിക്കണ്ടി വരും.
കോപ്പ അമേരിക്ക ഫൈനലിന് ശേഷം വിശ്രമത്തിലായിരുന്ന നെയ്മറും മെസിക്കൊപ്പം കളത്തിലിറങ്ങിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റയല്‍ മാന്‍ഡ്രിഡിലേക്ക് ചേക്കേറാന്‍ താല്‍പര്യം പ്രകടിപ്പിച്ച സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും ടീമിനൊപ്പം പരിശീലനത്തിലെത്തിയിരുന്നു.
താരത്തിനായി സ്പാനിഷ് വമ്പന്മാര്‍ 160 മില്യണ്‍ യൂറോ(1400 കോടി രൂപ) വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും പിഎസ്‌ജി നിരസിച്ചതായാണ് റിപ്പോര്‍ട്ട്. പിഎസ്‌ജിയുമായി അടുത്ത വര്‍ഷം ജൂണില്‍ തീരുന്ന കരാര്‍ പുതുക്കാന്‍ ഇതുവരെ എംബാപ്പെ തയ്യാറായിട്ടില്ല.