കലയും സാഹിത്യവും പ്രണയവും നിറയുന്ന ലോകത്തിന്‍റെ ഫാഷൻ നഗരം. അവിടെ ഒരു നാൾ മിശിഹ അവതരിക്കുമെന്ന് പാരീസ് നഗരം സ്വപ്‌നം കണ്ടിരുന്നു. അർജന്‍റീനയില്‍ ജനിച്ച് സ്പെയിനില്‍ അവതരിച്ച മിശിഹ ഇനി പാരീസിന് സ്വന്തം. 2018ല്‍ ഫുട്‌ബോൾ ലോകകപ്പുമായി കിലിയൻ എംബാപ്പെയും പോൾ പോഗ്‌ബയും വന്നിറങ്ങിയ പാരീസ് ആയിരുന്നില്ല ഇന്നലെ...
അവർ കാത്തിരുന്നത് കാല്‍പ്പന്തിന്‍റെ ലോകത്തെ സാക്ഷാല്‍ മിശിഹയെ. അവർ സ്വപ്‌നം കണ്ടത് സംഭവിച്ചു. ലയണല്‍ ആന്ദ്രേസ് മെസി എന്ന വർത്തമാന കാല ഫുട്‌ബോൾ ഇതിഹാസം ഇനി ഫ്രഞ്ച് ക്ലബായ പാരീസ് സെയിന്‍റ് ജർമനില്‍ പന്തുതട്ടും. നീണ്ട 21 വർഷത്തെ ബന്ധം അവസാനിപ്പിച്ച് മെസി സ്പെയിനിനോടും ബാഴ്‌സലോണയോടും വിടപറയുമ്പോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു..
മിശിഹ അവതരിച്ചു നമ്പർ 30
ഇനി പുതിയ തുടക്കം. ഇന്നലെ മുതല്‍ മെസിക്ക് ചുറ്റുമാണ് പാരീസ് നഗരം. പാരീസ് സെയിന്‍റ് ജർമന്‍റെ മുപ്പതാം നമ്പറില്‍ അവരുടെ മിശിഹ അവതരിച്ചു. പാട്ടും മേളവുമായി ആരാധകർക്കൊപ്പം പാരീസ് നഗരവും ആഘോഷിച്ച് തുടങ്ങുകയാണ്. ലക്ഷ്യം ചാമ്പ്യൻസ് ലീഗാണെന്നും പിഎസ്‌ജിയില്‍ എത്തിയതില്‍ സന്തോഷമെന്നും മെസി പറഞ്ഞു കഴിഞ്ഞു. നെയ്‌മറുമായും ഡിമരിയയുമായും ഇക്കാര്യം സംസാരിച്ചിരുന്നു. നെയ്‌മറെ എനിക്കും എന്നെ അദ്ദേഹത്തിനും നന്നായി അറിയാം.
എനിക്കും കുടുംബത്തിനും ഇതൊരു മഹത്തായ അനുഭവമാണ്. ഞങ്ങളിവിടെ ഹാപ്പിയാണ്. മിശിഹയുടെ വാക്കുകൾ പാരീസിന് മാത്രമല്ല, ഫുട്‌ബോൾ ലോകത്തിനും ആവേശമാണ്.
മെസിയും കുടുംബവും ഇനി പാരീസിന്‍റേതാണ്. പിഎസ്‌ജി ചെയർമാനും സിഇഒയുമായ നാസർ അല്‍ ഖെലാഫി, സഹതാരങ്ങൾ എന്നിവർക്കൊപ്പം വൈദ്യ പരിശോധനയും ആരാധകർക്കൊപ്പം സമയം പങ്കിടലുമൊക്കെയായി ആദ്യ ദിനം കടന്നുപോയി. ഇനി ഫുട്‌ബോൾ മൈതാനത്ത് മഴവില്ല് വിരിയുന്ന കാല്‍പ്പന്തിന്‍റെ മാന്ത്രിക ദിനങ്ങളാണ്. ലോകം കാത്തിരിക്കുകയാണ് ലയണല്‍ മെസി എന്ന ഇന്ദ്രജാലക്കാരൻ ഫ്രാൻസില്‍ കരുതി വെച്ചിരിക്കുന്നത് എന്താകും എന്നറിയാൻ.