വാർസോ: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിനൊരുങ്ങുന്ന പോളിഷ് ടീമിന് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ റോബർട്ട് ലെവാൻഡോവ്സ്കി ടീമില്‍ നിന്നും പുറത്തായി. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണിതെന്ന് പോളിഷ് ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
'ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെ ലണ്ടനില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ റോബർട്ട് ലെവാൻഡോവ്സ്കി കളിക്കില്ല. ക്ലിനിക്കല്‍ പരിശോധനയില്‍ താരത്തിന്‍റെ വലത് കാല്‍മുട്ടിലെ കൊളാറ്ററൽ ലിഗ്മെന്‍റിന് തകരാറുള്ളതായി കണ്ടെത്തിയിട്ടുണ്ട്'. പോളിഷ് ഫുട്ബോള്‍ അസോസിയേഷന്‍റെ പ്രസ്താവനയില്‍ പറയുന്നു.
തിങ്കളാഴ്ച അൻഡോറയ്‌ക്കെതിരെ നടന്ന മത്സരത്തിനിടെയാണ് സൂപ്പര്‍ സ്ട്രൈക്കർ ലെവാൻഡോവ്സ്കിക്ക് കാല്‍മുട്ടിന് പരിക്കേറ്റത്. മത്സരത്തില്‍ രണ്ടുതവണ ലക്ഷ്യം കണ്ട താരത്തിന്‍റെ മികവില്‍ പോളിഷ് ടീം 3-0 ത്തിന് വിജയിച്ചിരുന്നു. അതേസമയം ഗ്രൂപ്പ് ഐയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു സമനിലയുമായി നാല് പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ് ടീമുള്ളത്.6 പോയിന്‍റോടെ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.