സ്‌പെയിന്‍: കൊവിഡ് 19-നെ തുടർന്ന് സ്‌പാനിഷ് ലാലിഗ പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി ലയണല്‍ മെസി ഉൾപ്പെടെയുള്ള ബാഴ്‌സലോണയുടെ താരങ്ങൾ ടീമായി പരിശീലനം പുനരാരംഭിച്ചു. 10-പേർ അടങ്ങുന്ന സംഘമായാണ് ക്ലബ് അംഗങ്ങൾ പരിശീലനം നടത്തുന്നത്. നേരത്തെ ലാലിഗയില്‍ 10 പേർ അടങ്ങുന്ന സംഘത്തിന് പരിശീലനം നടത്താന്‍ സ്‌പാനിഷ് സർക്കാർ അനുമതി നല്‍കിയിരുന്നു. രാജ്യത്ത് ലോക്ക്‌ഡൗണ്‍ ഇളവുകൾ അനുവദിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഈ അനുമതി. നിലവില്‍ ലീഗില്‍ 56 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. രണ്ട് പോയിന്‍റ് മാത്രം വ്യത്യാസത്തില്‍ തൊട്ടുതാഴെ രണ്ടാം സ്ഥാനത്ത് ബദ്ധവൈരികളായ റെയല്‍ മാഡ്രിഡാണ് ഉള്ളത്.
അതേസമയം, 2019-20 സീസൺ അടുത്ത മാസം പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലാ ലിഗ പ്രസിഡന്റ് ജാവിയർ ടെബാസ്. തുടർച്ചായായി 35 ദിവസം അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിച്ച് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ പൂർത്തിയാക്കാമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. 11 റൗണ്ട് മത്സരങ്ങളാണ് ലീഗില്‍ ഇനി ശേഷിക്കുന്നത്.