എറണാകുളം: കേരള വനിത ഫുട്‌ബോള്‍ ലീഗിന് മുന്നോടിയായി കൊച്ചിയിൽ സംഘടിപ്പിച്ച സെലിബ്രിറ്റി മത്സരം ശ്രദ്ധേയമായി. നടി റിമ കല്ലിങ്കല്‍, മാളവിക ജയറാം എന്നിവര്‍ ക്യാപ്റ്റന്‍മാരായ ടീമുകളാണ് ഏറ്റുമുട്ടിയത്. താരങ്ങൾ രണ്ടു പേരും പരിചയ സമ്പന്നരെ പോലെ കളത്തിലിറങ്ങി കളിച്ചത്, ആവേശകരമായ കാൽപന്തുകളിയാണ് കാഴ്‌ചക്കാർക്ക് സമ്മാനിച്ചത്.
വനിത ലീഗില്‍ പങ്കെടുക്കുന്ന ആറ് ടീമുകളിലെയും ക്യാപ്റ്റന്‍മാരും സ്‌കോര്‍ലൈന്‍ അക്കാദമിയിലെ രണ്ടു താരങ്ങളും ഇരുടീമുകളിലായി അണിനിരന്നു. മത്സരത്തിൽ റിമ കല്ലിങ്കൽ നയിച്ച ടീം വിജയിച്ചു.
വനിത ഫുട്‌ബോള്‍ തിരിച്ചു വരുന്നുവെന്നത് അഭിമാനകരമാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂനിഫോമിനെ കുറിച്ച് സംസാരിക്കുന്ന കാലമാണിത്. ചെറിയ കുട്ടികള്‍ക്ക് കൂടുതല്‍ ആക്റ്റീവാകാന്‍ പറ്റുന്ന വസ്ത്രം ധരിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന കാലമാണിത്. ആ കാലത്ത്തന്നെയാണ് വനിത ഫുട്‌ബോള്‍ അവതരിപ്പിക്കുന്നത് എന്നത് അഭിമാനകരമാണ്. കൂടുതല്‍ കുട്ടികള്‍ ഫുട്‌ബോള്‍ രംഗത്തേക്ക് കടന്ന് വരണമെന്നും റിമ കല്ലിങ്കൽ കൂട്ടിച്ചേര്‍ത്തു.
നാലഞ്ച് വര്‍ഷം ഫുട്‌ബോള്‍ ടീമിന്‍റെ ഭാഗമായിരുന്നുവെന്ന് മാളവിക ജയറാം പറഞ്ഞു. പക്ഷേ കുട്ടിക്കാലം തൊട്ടേ ഫുട്‌ബോള്‍ പരിശീലിക്കാനുള്ള അവസരം കിട്ടിയില്ല. പുതു തലമുറക്ക് അത് കിട്ടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. ഏഴു വർഷത്തിന് ശേഷം നടക്കുന്ന വനിതാ ഫുട്ബോൾ ലീഗിന് തങ്ങളാലാവുന്ന പിന്തുണ നൽകുമെന്നും ഇരുവരും വ്യക്തമാക്കി.
also read: Joe Root | മൈക്കിൾ വോണിന്‍റെ റെക്കോഡ് തകര്‍ത്ത് ജോ റൂട്ട്, സച്ചിനൊപ്പമെത്താന്‍ വേണ്ടത് 22 റണ്‍സ്
കെ.എഫ്.എ പ്രസിഡന്‍റ് ടോം ജോസ്, ജന.സെക്രട്ടറി പി.അനില്‍കുമാര്‍, പി.വി ശ്രീനിജന്‍ എം.എല്‍.എ, തുടങ്ങിയവര്‍ മത്സരം കാണാനെത്തിയിരുന്നു.
കേരളത്തിലെ ആറ് പ്രൊഫഷണൽ വനിതാ ഫുട്ബോൾ ടീമുകൾ മത്സരിക്കുന്ന വനിത ഫുട്ബോൾ ലീഗ് മത്സരം ഡിസംബർ 11 ന് തുടങ്ങി ജനുവരി 20 നാണ് അവസാനിക്കുക. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.