എതിർ താരത്തിന്‍റെ മുഖത്ത് തുപ്പിയ ഈസ്റ്റ് ബംഗാൾ എഫ്സിയുടെ മലയാളി താരം ജോബി ജസ്റ്റിന് താല്‍കാലിക വിലക്ക്. ഐ-ലീഗില്‍ ഐസ്വാൾ എഫ്സിക്കെതിരായ മത്സരത്തിലാണ് വിവാദ സംഭവമുണ്ടായത്.
ഐസ്വാൾ എഫ്സിക്കെതിരായ മത്സരത്തിന്‍റെ 70-ാം മിനിറ്റില്‍ ഒരു ഫൗളുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കാര്യങ്ങൾ ഗുരുതരമാക്കിയത്. നിലവില്‍ താല്‍കാലിക വിലക്ക് നേരിടുന്ന താരം കൂടുതല്‍ ശിക്ഷാ നടപടികൾക്ക് വിധേയനായേക്കും. റിയല്‍ കശ്മീരിനെതിരായ മത്സരം നഷ്ടമായ ജോബിക്ക് ഈ മാസം മൂന്നിന് മിനർവ പഞ്ചാബിനെതിരായ മത്സരവും നഷ്ടമാകും.
ഐ-ലീഗില്‍ ഇപ്പോൾ മിന്നും ഫോമില്‍ കളിക്കുന്ന ജോബി ജസ്റ്റിനായി ഐഎസ്എല്‍ ക്ലബുകളും വലവീശി തുടങ്ങിയിട്ടുണ്ട്. എടികെയാണ് ഈ മലയാളി താരത്തിനായി ഏറ്റവും മുന്നിലുള്ളത്. ഈ സീസണില്‍ ഒമ്പത് ഗോളുകൾ നേടിയ ജോബിയാണ് ഐ-ലീഗിലെ ഇന്ത്യൻ ടോപ് സ്കോറർ.