ടൂറിന്‍: സീരി എയിലെ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസിന്‍റെ മുന്നേറ്റ താരം പൗലോ ഡിബാല കൊവിഡ് 19 രോഗബാധയില്‍ നിന്നും മുക്തനായി. പ്രോട്ടോക്കോൾ പ്രകാരം താരത്തിന് തുടർച്ചയായി രണ്ട് തവണ നടത്തിയ കൊവിഡ് 19 ടെസ്റ്റുകളിലും നെഗറ്റീവ് റിസല്‍ട്ടാണ് ലഭിച്ചത്. അതിനാല്‍ തന്നെ ഡിബാല രോഗ മുക്തനാണെന്നും ഇനി ഹോം ഐസൊലേഷനില്‍ തുടരേണ്ട ആവശ്യമില്ലെന്നും യുവന്‍റസ് പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിലാണ് ഡിബാല കൊവിഡ് 19 ബാധിതനാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഡിബാല തന്‍റെ സാമൂഹ്യമാധ്യമത്തിലെ അക്കൗണ്ട് വഴി ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്‌തു. താനും തന്‍റെ പെണ്‍ സുഹൃത്തും വൈറസ് ബാധിതരാണെന്നാണ് താരം അന്ന് വ്യക്തമാക്കിയത്. തുടർന്ന് കഴിഞ്ഞ ആറ് ആഴ്ച്ചയായി ഡിബാല കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. വൈറസ് ബാധയില്‍ നിന്നും മുക്തനായ വിവരം ഡിബാല ട്വീറ്റിലൂടെ വ്യക്തമാക്കുകയും ചെയ്‌തു. എല്ലാവരുടെയും പിന്തുണക്ക് നന്ദി അറിയിച്ച താരം വൈറസ് ബാധയെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കുറിച്ച് ഓർക്കുന്നുവെന്നും കരുതലോടെ ഇരിക്കണമെന്നും അഭ്യർത്ഥിച്ചു.
സീരി എ താരങ്ങൾ കഴിഞ്ഞ തിങ്കളാഴ്‌ച മുതല്‍ സാമൂഹ്യ അകലം പാലിച്ച് പരിശീലനം ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ 10 പേരെ യുവന്‍റസ് തിരിച്ച് വിളിക്കുകയും ചെയ്‌തിരുന്നു.