ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്ന് ജംഷഡ്പൂർ എഫ്സി ചെന്നൈയിൻ എഫ്സിയുമായി ഏറ്റുമുട്ടും. ചെന്നൈ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്. പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് കരുത്തേകാൻ ജംഷഡ്പൂരിന് ഇന്നത്തെ ജയം അനിവാര്യമാണ്. അതേസമയം ചെന്നൈയിൻഅവസാന ഹോം മത്സരം ആരാധകർക്ക് മുന്നില്‍ സ്വന്തമാക്കാനാകും ശ്രമിക്കുക. ഐഎസ്എല്ലില്‍ മൂന്ന് തവണ ചെന്നൈയിനും ജംഷഡ്പൂരും ഏറ്റുമുട്ടിയപ്പോൾ ഓരോ വിജയം വീതം ഇരുടീമുകളും നേടിയിട്ടുണ്ട്. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ജംഷഡ്പൂർ ഇന്ന് ജയിച്ചാല്‍ ആദ്യ നാലിലെത്തും.
ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി ഈ സീസണില്‍ വമ്പൻ പരാജയമാണ് നേരിട്ടത്. സീസണിലെ ഏറ്റവും മോശം പ്രതിരോധവും ചെന്നൈയിന്‍റെ ആയിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകൾ വഴങ്ങിയപ്പോൾ ആക്രമണ നിരയ്ക്ക് അടിക്കാനായത് 16 ഗോളുകൾ മാത്രമാണ്. ബെംഗളൂരു എഫ്സിയെ അട്ടിമറിച്ചെങ്കിലും കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനോടേറ്റ കനത്ത തോല്‍വി ചെന്നൈയിനെ വീണ്ടും തളർത്തി.
സീസണില്‍ ഭേദപ്പെട്ട പ്രകടനമാണ് ജംഷഡ്പൂർ എഫ്സികാഴ്ചവച്ചത്. കഴിഞ്ഞ മത്സരത്തില്‍ പൂനെ എഫ്സിയോട് ജയിച്ചിരുന്നുവെങ്കില്‍ പ്ലേ ഓഫ് യോഗ്യത അന്ന് തന്നെ ലഭിച്ചേനെ. എന്നാല്‍ ഒന്നിനെതിരെ നാല് ഗോളുകൾക്ക്ജംഷഡ്പൂർ കീഴടങ്ങുകയായിരുന്നു. താരങ്ങളുടെ സ്ഥിരതയില്ലാത്ത പ്രകടനം തന്നെയാണ് ജംഷഡ്പൂരിന്‍റെ ദൗർബല്യം.16 മത്സരങ്ങളില്‍ നിന്ന് 23 പോയിന്‍റാണ് ജംഷഡ്പൂർ സ്വന്തമാക്കിയത്.അതേസമയം എട്ട് പോയിന്‍റുകൾ മാത്രമുള്ള ചെന്നൈയിൻ എഫ്സി പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇതുവരെ ഗോവ എഫ്സിയും ബെംഗളൂരു എഫ്സിയും മാത്രമാണ് പ്ലേഓഫിലേക്ക് യോഗ്യത നേടിയത്.