പനാജി: ഐഎസ്‌എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജംഷഡ്‌പൂര്‍ എഫ്‌സിക്ക് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ജംഷഡ്‌പൂര്‍ ജയം പിടിച്ചത്. 93ാം മിനിട്ടില്‍ ഇഷാന്‍ പണ്ഡിതയുടെ ഗോളിലൂടെയാണ് ജംഷഡ്‌പൂര്‍ വിജയമുറപ്പിച്ചത്.
മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ തന്നെ നേര്‍ത്ത് ഈസ്‌റ്റാണ് ആദ്യം മുന്നിലെത്തിയത്. മലയാളി താരം സുഹൈര്‍ വി.പിയുടെ പാസില്‍ നിന്ന് ദെഷോണ്‍ ബ്രൗണാണ് ടീമിനായി ലക്ഷ്യം കണ്ടത്.
എന്നാല്‍ 44ാം മിനിട്ടില്‍ ജംഷഡ്‌പൂര്‍ ഒപ്പം പിടിച്ചു. ഗ്രെഗ് സ്റ്റീവാര്‍ട്ടിന്‍റെ ഫ്രീ കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. കിക്കിന് തലവെച്ച ജോര്‍ദാന്‍ മറെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് 56ാം മിനിട്ടില്‍ ജംഷഡ്‌പൂര്‍ മുന്നിലെത്തി. ബോറിസ് സിങ്ങാണ് ഇത്തവണ ലക്ഷ്യം കണ്ടത്. എന്നാല്‍ 91ാം മിനിട്ടില്‍ തന്‍റെ രണ്ടാം ഗോളുമായി ദെഷോണ്‍ ബ്രൗണ്‍ നോര്‍ത്ത്ഈസ്റ്റിനെ ഒപ്പമെത്തിച്ചു.
മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കെ ഇഷാന്‍ പണ്ഡിതയുടെ ഗോളിലൂടെ ജംഷഡ്‌പൂര്‍ ജയം പിടിച്ചു വാങ്ങുകയായിരുന്നു.
ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ജംഷഡ്‌പൂരിനായി. 10 മത്സരങ്ങളില്‍ 16 പോയിന്‍റാണ് സംഘത്തിനുള്ളത്. നാല് വീതം ജയവും സമനിലയും നേടിയ ജംഷഡ്‌പൂര്‍ രണ്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങി.
also read: Ashes: ഖവാജയുടെ സെഞ്ചുറി ആഘോഷിച്ച് റേച്ചല്‍; കുടുംബം മനോഹരമെന്ന് ആരാധകര്‍
അതേസമയം നോര്‍ത്ത് ഈസ്‌റ്റ് 10ാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ 8 പോയിന്‍റാണ് സംഘത്തിനുള്ളത്. രണ്ട് വീതം ജയവും സമനിലയും നേടാനായ സംഘം ആറ് മത്സരങ്ങളില്‍ തോല്‍വലി വഴങ്ങി.