ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയം തേടി എഫ്‌സി ഗോവ ഇന്നിറങ്ങുന്നു. തിങ്കളാഴ്‌ച രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഗോവക്ക് ഇതിനകം നടന്ന രണ്ട് മത്സരങ്ങളും ജയം കണ്ടെത്താനായിട്ടില്ല. ലീഗിലെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂരിനോട് സമനില വഴങ്ങിയപ്പോള്‍ മുംബൈ സിറ്റി എഫ്‌സിക്ക് എതിരായ രണ്ടാമത്തെ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു.
ആക്രമോത്സുകമായ ശൈലി പിന്തുടരുന്ന ഗോവയുടെ പരിശീലകന്‍ സ്‌പനിഷ് ജുവാൻ ഫെറാണ്ടോ, ടീമിന്ന് ലീഗലെ ആദ്യ മൂന്ന് പോയിന്റുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ്. ഇതിലൂടെ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഗോവക്ക് തിരിച്ച് വരവ് നടത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്. സ്‌പാനിഷ് മുന്നേറ്റ താരം ഇഗോർ അംഗുലോയിലാണ് പരിശീലകന്‍റെ പ്രതീക്ഷ മുഴുവന്‍. ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ അംഗുലോ ഇരട്ട ഗോളുമായി തിളങ്ങിയിരുന്നു. മറ്റ് സ്‌ട്രൈക്കർമാരായ ഡിസിൽവയുടെയും ദേവേന്ദ്ര മുർഗോങ്കർ, ഇഷാൻ പണ്ഡിറ്റ്, മകൻ ചോഥെ എന്നിവരുടെ പിന്തുണയും അംഗുലോക്ക് ആവശ്യമുണ്ട്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗോവ ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കരുത്തുറ്റ പ്രതിരോധമുള്ള ഗോവക്ക് ഇവാന്‍ ഗോണ്‍സാലസിന്റെയും ജെയിംസ് ഡൊനാഷി, സെറിറ്റന്‍ ഫെര്‍ണാണ്ടസിന്‍റെയും സാന്നിധ്യം ശക്തി പകരുന്നു. മധ്യനിരയില്‍ എഡു ബീഡിയ, ആല്‍ബര്‍ട്ടോ നൊഗീര, സെമിന്‍ലെന്‍ ഡൗങ്കല്‍, ലെനി റോഡ്രിഗസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മധ്യനിരയും ഇതിനകം ശക്തമാണ്.
വമ്പന്‍ ടീമുകളായ മുംബൈ സിറ്റിയേയും കേരള ബ്ലാസ്‌റ്റേഴ്‌സിനെയും പരാജയപ്പെടുത്തിയാണ് നോര്‍ത്ത് ഈസ്റ്റ് ഈ സീസണില്‍ വരവറിയിച്ചിരിക്കുന്നത്. അച്ചടക്കത്തോടെ കളിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ആദ്യ മത്സരത്തില്‍ ആദ്യ മത്സരത്തില്‍ മുംബൈയോട് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനോട് സമനില വഴങ്ങി. പൊരുതി കളിക്കുന്ന നോര്‍ത്ത് ഈസ്റ്റ് 4-3-3 ഫോര്‍മേഷനിലാണ് തന്ത്രങ്ങള്‍ മെനയുന്നത്. ആക്രമണോത്സുകമായ മുന്നേറ്റ നിരയില്‍ ക്വെയ്‌സി അപിയാഹ്, ഇഡ്രിസ്സ സൈല എന്നിവര്‍ ഗോവക്ക് വെല്ലുവിളി ഉയര്‍ത്തും. മധ്യനിരയില്‍ ഫെഡറിക്കോ ഗല്ലീജോ, ലാലിങ്മാവിയ, ഖാസ കാമറ തുടങ്ങിയവരാണ് തന്ത്രങ്ങള്‍ മെനയുന്നത്. പ്രതിരോധത്തിലെ പാളിച്ചകളാണ് നോര്‍ത്ത് ഈസ്റ്റിന് തലവേദനയാകുന്നത്. ഗോളി സുഭാശിഷ് റോയിയും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.
മത്സരം രാത്രി 7.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ഡിസ്‌നി+ഹോട്‌സ്റ്റാറിലും എഷ്യാനെറ്റ് മൂവീസിലും ലഭ്യമാണ്.