ഹൈദരാബാദ്: ഐഎസ്എല്‍ ആറാം സീസണില്‍ ഇന്ന് മുംബൈ സിറ്റി എഫ്‌സി സ്വന്തം മൈതാനത്ത് ഒഡീഷാ എഫ്‌സിയെ നേരിടും. മുംബൈ ഫുട്‌ബോൾ അരീനയില്‍ ഇന്ന് രാത്രി 7.30-നാണ് മത്സരം. ഈ സീസണില്‍ സ്വന്തം തട്ടകത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ മുന്‍കൈ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ. രണ്ട് കളികളില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി മുംബൈ നാലുപോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്. നേരത്തെ ചെന്നൈയിനുമായി നടന്ന എവേ മത്സരത്തില്‍ മുംബൈ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. ഇതുവരെ നടന്ന രണ്ട് മത്സരങ്ങളിലും തോല്‍വി നേരിട്ട ഒഡീഷ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.
കഴിഞ്ഞ മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയുടെ പ്രകടനത്തില്‍ പരിശീലകന്‍ ജോർജ് കോസ്‌റ്റ നൂറ് ശതമാനം സംതൃപ്‌തനല്ലെന്ന് വ്യക്തമാക്കി. ഒഡീഷയെ ചെറുതായി കാണുന്നില്ലെന്നും മികച്ച കളിപുറത്തെടുക്കാന്‍ കഠിന പരിശീലനത്തിലാണ് ടീമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കളിയില്‍ പരുക്കേറ്റ മുന്നേറ്റ താരം മോദു സോഗുവും പ്രതിരോധ നിരയിലെ താരം മറ്റോ ഗ്രിക്കും ഇന്ന് മുംബൈക്കായി കളത്തില്‍ ഇറങ്ങുമോ എന്ന കാര്യം സംശയമാണ്. അതേസമയം ഫിറ്റ്നസ് വീണ്ടെടുത്ത പൗലോ മച്ചാഡോ ഇന്ന് കളിക്കുമെന്നാണ് സൂചന.
അതേസമയം ഒഡീഷയുടെ കോച്ച് ജോസഫ് ഗോംബു ശുഭ പ്രിതീക്ഷയിലാണ്. ലീഗിലെ ആദ്യമത്സരത്തെ അപേക്ഷിച്ച് നേർത്ത് ഈസ്‌റ്റിനെതിരായ മത്സരത്തില്‍ അധിപത്യം പുലർത്താനായതായി അദ്ദേഹം പറഞ്ഞു. ധാരാളം അവസരങ്ങൾ സൃഷ്ട്ടിക്കാനായി. കഴിഞ്ഞ മത്സരത്തില്‍ ചെറിയ ചില പിഴവുകൾ സംഭവിച്ചെങ്കിലും അത് തിരുത്താനാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. പോയന്‍റ് പട്ടികയില്‍ ഒരുക്കമെങ്കിലും ചേർക്കാനുള്ള ശ്രമത്തിലാകും ഇന്ന് ഒഡീഷ. നിലവില്‍ ലീഗില്‍ ഒഡീഷക്ക് പൂജ്യം പോയന്‍റാണ് ഉള്ളത്.