കൊൽക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളയ്ക്ക് നിര്‍ണായക വിജയം. മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഗോകുലം ജയം പിടിച്ചത്. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഡെന്നി അന്‍റ്വി (20,34 മിനുട്ട്) നേടിയ ഇരട്ട ഗോളുകളാണ് ഗോകുലത്തിന് ജയമൊരുക്കിയത്.
മുഹമ്മദൻസിന് വേണ്ടി 84ാം മിനുട്ടിൽ സുജിത് സാധുവാണ് ലക്ഷ്യം കണ്ടത്. മത്സരത്തിലെ വിജയത്തോടെ 26 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനും ഗോകുലത്തിനായി. 14 മത്സരങ്ങളിൽ നിന്നായി എട്ട് വിജയവും രണ്ട് സമനിലയും നാലു തോൽവിയുമാണ് ഗോകുലത്തിന്‍റെ നേട്ടം. ലീഗിൽ ഇനി ഒരു മത്സരം മാത്രമാണ് ഗോകുലത്തിന് ശേഷിക്കുന്നത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് തന്നെ 26 വീതം പോയിന്‍റുമായി ട്രാവു എഫ്സിയും ചർച്ചിൽ ബ്രദേഴ്സും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.