ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാല് വര്‍ഷത്തോളമായി തുടരുന്ന ലിവര്‍പൂളിന്‍റെ ഹോം ഗ്രൗണ്ട് ആധിപത്യത്തിന് അവസാനം. ഇന്ന് പുലര്‍ച്ചെ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ബേണ്‍ലിയോട് മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് ചെമ്പടയുടെ കുതിപ്പ് അവസാനിച്ചത്. ബേണ്‍ലിക്ക് വേണ്ടി രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ ഇംഗ്ലീഷ് താരം ആഷ്‌ലി ബേണ്‍സാണ് വല കുലുക്കിയത്. ലിവര്‍പൂളിന്‍റെ വല കാത്ത അലിസണ്‍ ബെക്കറുടെ പിഴവാണ് പെനാല്‍ട്ടിയില്‍ കലാശിച്ചത്. ബേണ്‍ലിയുടെ സ്‌ട്രൈക്കര്‍ ബേണ്‍സ് പന്തുമായി മുന്നേറുന്നതിനിടെ ബോക്‌സിനുള്ളില്‍ വെച്ചായിരുന്നു അലിസണിന്‍റെ ഫൗള്‍.
മത്സരത്തില്‍ ഉടനീളം പന്തടക്കത്തിന്‍റെ കാര്യത്തിലും ഷോട്ടുകളുടെ കാര്യത്തിലും മുന്നില്‍ നിന്ന ലിവര്‍പൂളിന് ഗോള്‍ മാത്രം കണ്ടെത്താന്‍ സാധിച്ചില്ല. ആതിഥേയര്‍ക്ക് 28 ഷോട്ടുകള്‍ തൊടുക്കാന്‍ സാധിച്ചപ്പോള്‍ ബേണ്‍ലിക്ക് ആറ് ഷോട്ടുകള്‍ മാത്രമെ തൊടുക്കാനായുള്ളൂ. പാസുകളുടെ കൃത്യതയിലും ലിവര്‍പൂളായിരുന്നു മുന്നില്‍.
ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായി 68 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നോട്ട് പോകുന്ന ലിവര്‍പൂളിന് ഈ തോല്‍വി വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ചാമ്പ്യന്‍മാര്‍. 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ സീസണില്‍ കിരീടം സ്വന്തമാക്കിയ യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ ഇത്തവണ കനത്ത പ്രതിരോധത്തിലാണ്.
19 മത്സരങ്ങളില്‍ നിന്നും ഒമ്പത് ജയവും ഏഴ് സമനിലയും ഉള്‍പ്പെടെ 34 പോയിന്‍റ് മാത്രമാണ് ഈ സീസണില്‍ ലിവര്‍പൂളിനുള്ളത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് 40 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. ഇത്തവണ കപ്പ് നിലനിര്‍ത്താന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ കൂടുതല്‍ ഉണര്‍ന്ന് കളിക്കേണ്ടിവരും. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും കണ്ടെത്താന്‍ മുഹമ്മദ് സല ഉള്‍പ്പെടുന്ന ലിവര്‍പൂളിന്‍റെ മുന്നേറ്റ നിരക്ക് സാധിച്ചിട്ടില്ല.