സ്‌പാനിഷ് ലാലിഗയില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ഗോള്‍ഡന്‍ ബൂട്ട് ഉറപ്പാക്കി ലയണല്‍ മെസി. ലീഗിലെ ഈ സീസണില്‍ ബാഴ്‌സലോണക്കായി 35 മത്സരങ്ങളില്‍ നിന്നായി ഒമ്പത് അസിസ്റ്റും 30 ഗോളുമാണ് മെസിയുടെ ബൂട്ടില്‍ നിന്നും പിറന്നത്. വിയ്യാറയലിന്‍റെ ജെറാര്‍ഡ് മൊറീനോയാണ് പട്ടകയില്‍ രണ്ടാമത്. 23 ഗോളുകളാണ് മൊറീനോയുടെ പേരിലുള്ളത്.
ലീഗില്‍ തുടര്‍ച്ചയായി അഞ്ച് തവണ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് മെസി സ്വന്തം പേരില്‍ കുറിക്കാന്‍ പോകുന്നത്. നാല് തവണ ഗോള്‍ഡന്‍ ബൂട്ട് നേടിയ ഹ്യൂഗോ സാഞ്ചസാണ് പട്ടികയില്‍ മെസിക്ക് പിന്നിലുള്ളത്. മെക്‌സിക്കന്‍ ഇതിഹാസം സാഞ്ചസ് 1984 മുതല്‍ 88 വരെയുള്ള കാലയളവിലാണ് തുടര്‍ച്ചയായി നാല് തവണ ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായത്.
കൂടുതല്‍ വായനക്ക്: മെസിയുമല്ല, റോണോയുമല്ല; യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടിന് പുതിയ അവകാശി
ലാലിഗയില്‍ മെസി ഇതിനകം ഏഴ് തവണ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. 2009-10 സീസണിലാണ് ആദ്യമായി പുരസ്‌കാരം മെസിയെ തേടിയെത്തിയത്. ലാലിഗയിലോ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥനത്തുള്ള മെസി ബാഴ്‌സലോണക്കായി ഗോള്‍ നേടിയവരുടെ പട്ടികയിലും ഒന്നാമതാണ്. ബാഴ്‌സക്കായി ഇതേവരെ 672 ഗോളുകളാണ് മെസിയുടെ ബൂട്ടില്‍ നിന്നും പിറന്നത്. ലാലിഗയില്‍ മാത്രം 520 മത്സരങ്ങളില്‍ നിന്നായി മെസി 472 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
കൂടുതല്‍ വായനക്ക്: പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കൊപ്പം; ഗോളടിച്ച് കൂട്ടി സലയും കെയിനും
സീസണില്‍ ബാഴ്‌സലോണക്കും മെസിക്കും ഒരു മത്സരം കൂടി ലാലിഗയില്‍ ശേഷിക്കുന്നുണ്ട്. നാളെ രാത്രി 9.30ന് ഐബറിനെതിരെയാണ് ബാഴ്‌സയുടെ സീസണിലെ അവസാന ലാലിഗ പോരാട്ടം. ഈ സീസണ്‍ അവസാനം മെസി നൗ കാമ്പ് വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ബാഴ്‌സലോണ ലാലിഗയിലെ അവസാന പോരാട്ടത്തിന് ഇറങ്ങുന്നത്. സീസണില്‍ കിരീട പ്രതീക്ഷകള്‍ ബാക്കിയില്ലെങ്കിലും പോയിന്‍റ് പട്ടികയിലെ ആദ്യ നാലില്‍ ബാഴ്‌സ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.