യൂറോ കപ്പ്, കോപ്പ അമേരിക്ക ടൂർണമെന്‍റുകൾക്ക് ജൂലൈ 13ന് അവസാനമാകും. തകർപ്പൻ പ്രകടനം നടത്തിയവർക്കും അപ്രതീക്ഷിതമായി കളിച്ചു കയറിയവർക്കും വിലയും ഡിമാൻഡും കൂടിയിട്ടുണ്ട്. ക്ലബ് ഫുട്‌ബോളില്‍ പുതിയ സീസൺ ആരംഭിക്കുന്നതിനാല്‍ ഓഗസ്റ്റ് 31ന് ഫുട്‌ബോളിലെ ട്രാൻസ്‌ഫർ വിപണി അവസാനിക്കും.
അതിനു മുൻപ് ടീമുകളും പരിശീലകരും തങ്ങൾക്ക് ആവശ്യമുള്ള താരങ്ങളെ വിലയ്ക്കെടുക്കാനും ആവശ്യമില്ലാത്തവരെ വിറ്റ് ഒഴിവാക്കാനുമുള്ള ശ്രമത്തിലാണ്. സൂപ്പർ താരം ലയണല്‍ മെസി, ഇംഗ്ലീഷ് നായകൻ ഹാരി കെയ്‌ൻ എന്നിവരാണ് കൈമാറ്റ വിപണിയില്‍ ഫുട്‌ബോൾ ലോകത്തിന്‍റെ ശ്രദ്ധയാകർഷിക്കുന്നത്. പക്ഷേ അത്‌ഭുത കൈമാറ്റമായി ഇംഗ്ലീഷ് താരം ജാക്ക് ഗ്രീലിഷ്, പോർച്ചുഗീസ് താരം റെനറ്റോ സാഞ്ചസ് എന്നിവരുടെ പേരുകളും സജീവമാണ്.
ഏറെ കാലമായി സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന ഇംഗ്ലീഷ് കൗമാര താരം ജാഡൻ സാഞ്ചോയെ ടീമിലെത്തിച്ച മാഞ്ചസ്റ്റർ യുണൈറ്റഡാണ് ട്രാൻസ്‌ഫർ വിപണിയില്‍ ആദ്യം കൈവെച്ചത്. റയലില്‍ നിന്ന് ഇറങ്ങിയ സെർജിയോ റാമോസിനെ സ്വന്തമാക്കി പിഎസ്‌ജിയും തങ്ങളുടെ കൈമാറ്റ വിപണിയിലെ ആദ്യ വെടിപൊട്ടിച്ചു.
ലിവർപൂളില്‍ നിന്ന് ഡച്ച് മധ്യനിര താരം വെയ്‌നാൾഡത്തെ കൊണ്ടുവരാനും പിഎസ്‌ജി ശ്രമം നടത്തുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡില്‍ ഇനിയും ഫോമിലേക്ക് എത്താത്ത സൂപ്പർ താരം പോൾ പോഗ്‌ബ ഫ്രാൻസിന് വേണ്ടി നടത്തിയ പ്രകടനം വീണ്ടും ചർച്ചയായിട്ടുണ്ട്. പോഗ്‌ബയെ എന്ത് വിലകൊടുത്തും ടീമിലെത്തിക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്‌ജിക്ക് ആഗ്രഹമുണ്ട്,
കെയ്‌നും ഗ്രീലിഷും സിറ്റിയിലേക്ക്
ഹാരി കെയ്‌ൻ, ജാക്ക് ഗ്രീലിഷ് എന്നിവരെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ സിറ്റി. കെയ്‌ൻ ടോട്ടൻഹാമിലും ഗ്രീലിഷ് ആസ്റ്റൺ വില്ലയിലും ഹൃദയം കൊണ്ട് കളിക്കുന്നവരാണ്. ഇരുവരും നിലവില്‍ കളിക്കുന്ന ടീമുകൾ വിടുന്ന കാര്യത്തില്‍ അന്തിമ നിലപാട് പറഞ്ഞിട്ടില്ല. ഇരുവർക്കും ഇംഗ്ലണ്ടിലെ മികച്ച ടീമുകളിലേക്ക് മാറണമെന്ന് ആഗ്രഹമുണ്ട്.
ഡാനിയേല്‍ ഡെംഫ്രിസ്
യൂറോ കപ്പിലെ ഗ്രൂപ്പ് സ്റ്റേജില്‍ ഹോളണ്ടിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ യുവതാരം ഡാനിയേല്‍ ഡെംഫ്രിസിനെ സ്വന്തമാക്കാൻ ബൊറുസിയ ഡോർട്‌മുണ്ടാണ് മുന്നിലുള്ളത്. ലിവർപൂൾ, ബയേൺ മ്യൂണിച്ച്, റയല്‍ മാഡ്രിഡ് എന്നിവർക്കും ഡച്ച് താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുണ്ട്.
എഡ്വേർഡോ കാമവിൻഗ
മധ്യനിരയില്‍ മനോഹരമായി കളിക്കുന്ന ഫ്രഞ്ച് യുവതാരം എഡ്വേർഡോ കാമവിൻഗയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആഗ്രഹമുണ്ട്, പക്ഷേ എത്രയാകും കൈമാറ്റ തുകയെന്നറിയാനാണ് ഫുട്‌ബോൾ ആരാധകർക്ക് താല്‍പര്യം.
വിലയിടിഞ്ഞ കുട്ടീന്യോ മിലാനിലേക്ക്
വലിയ പ്രതീക്ഷയോടെയാണ് ബ്രസീലിയൻ മധ്യനിര താരം ഫിലിപ്പോ കുട്ടീന്യോ കളി തുടങ്ങിയത്. ലിവർപൂളില്‍ തകർത്തുകളിക്കുന്നതിനിടെ ബാഴ്‌സയിലേക്ക് കൂടുമാറിയ കുട്ടിന്യോയുടെ കരിയറില്‍ അത് വലിയ ആഘാതമായി. ഫോം നഷ്ടമായും പരിക്കിന്‍റെ പിടിയും കുട്ടിന്യോയെ കളിക്കളത്തില്‍ നിന്ന് അകറ്റി.
നിലവില്‍ ബ്രസീല്‍ ഫുട്‌ബോൾ ടീമിലും കുട്ടീന്യോയ്ക്ക് ഇടമില്ല. 124 മില്യൺ വിലയുണ്ടായിരുന്ന കുട്ടിന്യോയെ ഏറ്റവും ഒടുവില്‍ വെറും 21 മില്യൺ തുകയ്ക്ക് എസി മിലാന് നല്‍കാനാണ് ബാഴ്‌സ ആലോചിക്കുന്നത്.
സാഞ്ചസാകും താരം
യൂറോകപ്പില്‍ പകരക്കാരനായി ഇറങ്ങി തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച പോർച്ചുഗീസ് താരം റെനറ്റോ സാഞ്ചസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ലിവർപൂളും ആഴ്‌സണലുമാണ്. ഫ്രഞ്ച് ലീഗില്‍ അപ്രതീക്ഷിതമായി കിരീടം സ്വന്തമാക്കിയ ലില്ലെയുടെ താരമായ സാഞ്ചസ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തുമോ എന്നാണ് ഫുട്‌ബോൾ ആരാധകർ ഉറ്റുനോക്കുന്നത്.
മൈക്കല്‍ ഡെംസ്‌ഗാർഡ്
കോപ്പൻഹേഗനിലെ മൈതാനമധ്യത്ത് ക്രിസ്ത്യൻ എറിക്‌സൺ കുഴഞ്ഞുവീണപ്പോൾ തകർന്നത് ഡെൻമാർക്കിന്‍റെ പ്രതീക്ഷകൾ കൂടിയായിരുന്നു. പക്ഷേ അതിനെയെല്ലാം മറികടന്ന് ഡെൻമാർക്ക് യൂറോ കപ്പിന്‍റെ സെമിയിലെത്തി. എറിക്‌സണിന് പകരക്കാരനായി എത്തിയ മൈക്കല്‍ ഡെംസ്‌ഗാർഡ് എന്ന് 21കാരന്‍റെ കഠിനാധ്വാനം കൂടി ആ മുന്നേറ്റത്തിന് പിന്നിലുണ്ട്. അതുകൊണ്ടു തന്നെ പ്രീമിയർ ലീഗിലെ മുൻനിര ടീമുകളെല്ലാം ഡെംസ്ഗാർഡിന് പിന്നാലെയുണ്ട്.
ജെർമി ഡോകു
ക്വാർട്ടർ ഫൈനലില്‍ ഇറ്റലിയോട് പരാജയപ്പെട്ട് യൂറോകപ്പില്‍ നിന്ന് പുറത്തുപോയപ്പോഴും ബെല്‍ജിയം ഫുട്‌ബോൾ ആരാധകരുടെ ഹൃദയത്തിലുണ്ട്. ക്വാർട്ടർ ഫൈനലില്‍ മിന്നും പ്രകടനം നടത്തിയ ബെല്‍ജിയൻ താരം ജെർമി ഡോകു എന്ന 19 വയസുകാരൻ അതുകൊണ്ടു തന്നെ യൂറോപ്പിലെ പ്രമുഖ ക്ലബുകളുടെ നോട്ടപ്പുള്ളിയാണ്.
ഞെട്ടിക്കാൻ എംബാപ്പെയും ഹാളണ്ടും
ഇന്ന് ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളാണ് ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പെയും നോർവെയുടെ ഹാളണ്ടും. ഇരുവരെയും സ്വന്തമാക്കാൻ ലോകത്തെ വമ്പൻ ക്ലബുകൾ പണപ്പെട്ടിയുമായി പിന്നാലെയുണ്ട്. എംബാപ്പെ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലും ഹാളണ്ട് ജർമൻ ക്ലബായ ഡോർട്‌മുണ്ടിലുമാണ് കളിക്കുന്നത്.
റയല്‍ മാഡ്രിഡാണ് ഇരുവരെയും നോട്ടമിട്ടിട്ടുള്ള പ്രധാന ക്ലബ്. എന്നാല്‍ പിഎസ്‌ജിയും ഡോർട്‌മുണ്ടും അവരുടെ സുപ്രധാന താരങ്ങളെ വിട്ടുനല്‍കുന്ന കാര്യത്തില്‍ ഇനിയും മനസുതുറന്നിട്ടില്ല.