ഹൈദരാബാദ്: നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സി ഐഎസ്എല്ലില്‍ ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. ബംഗളൂരു ഹോം ഗ്രൗണ്ടില്‍ ഇന്ന് വൈകീട്ട് 7.30-നാണ് മത്സരം. ലീഗില്‍ കഴിഞ്ഞ 14 മത്സരങ്ങളില്‍ നിന്നും 25 പോയിന്‍റുമായി ബംഗളൂരു മൂന്നാം സ്ഥാനത്താണ്. ജയത്തോടെ പോയിന്‍റ് നിലയില്‍ രണ്ടാമത് എത്താനാകും ആതിഥേയരുടെ ശ്രമം. ഇന്ന് ജയിച്ചാല്‍ ഹോം ഗ്രൗണ്ടിലെ തുടർച്ചയായ നാലാമത്തെ ജയം സ്വന്തമാക്കാന്‍ ബംഗളൂരുവിനാകും. ഹോം ഗ്രൗണ്ടില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബംഗളൂരു പരാജയപ്പെടുത്തിയിരുന്നു.
അതേസമയം ലീഗില്‍ ആദ്യ എവേ മാച്ച് വിജയം തേടിയാണ് ഹൈദരാബാദ് ഇന്നിറങ്ങുക. ലീഗില്‍ ഇതേവരെ കളിച്ച 14 മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഇതിന് മുമ്പ് ഇരു ടീമുകളും ഒരു തവണ മാത്രമാണ് മുഖാമുഖം വന്നത്. അന്ന് ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.