ബാക്കു: യൂറോ കപ്പിലെ രണ്ടാം പോരാട്ടം സമനിലയില്‍. സ്വിറ്റ്‌സര്‍ലന്‍ഡും വെയില്‍സും ഓരോ ഗോള്‍ വീതമടിച്ച് പിരിഞ്ഞു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ഇരു ടീമുകളും വല കുലുക്കിയത്. യൂറോ പോരാട്ടത്തില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറിയ സ്വിസ് ടീമിന് മുന്നില്‍ സമനിലയുമായി വെയില്‍സ് രക്ഷപ്പെടുകയായിരുന്നു.
തുടക്കത്തിലെ താളം കണ്ടെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് 18 ഓളം ആക്രമണങ്ങള്‍ വെയില്‍സിന്‍റെ ഗോള്‍മുഖത്ത് നടത്തി. നാല് തവണ ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ തൊടുത്തെങ്കിലും ഒരു തവണ മാത്രമെ സ്വിസ് നിരക്ക് ഗോള്‍ കണ്ടെത്താന്‍ സാധിച്ചുള്ളു. രണ്ടാം പകുതിയിലെ നാലാം മിനിട്ടില്‍ ബ്രീല്‍ എംബോളോയിലൂടെയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലീഡ് സ്വന്തമാക്കിയത്. ബ്രീല്‍ എംബോളോയുടെ ഷോട്ട് വെയില്‍സ് ഗോളി ഡാനി വാര്‍ഡ് തട്ടിഅകറ്റിയതിന് ലഭിച്ച കോര്‍ണറില്‍ നിന്നാണ് എംബോളോ തന്നെ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചത്.
also read: 'ലേലു അല്ലു, ലേലു അല്ലു'... വിക്കറ്റ് വലിച്ചൂരിയ ഷാക്കിബ് മാപ്പ് പറഞ്ഞു
എന്നാല്‍ 79-ാം മിനിട്ടില്‍ കിഫെര്‍ മൂറിലൂടെ വെയ്ല്‍സ് സമനില പിടിച്ചു. ജോ മോറലിന്‍റെ ലോങ് പാസ് ബോക്‌സിനുള്ളില്‍ വെച്ച് ഹെഡറിലൂടെ മൂര്‍ ഗോളാക്കി മാറ്റി. ഗ്രൂപ്പ് എയില്‍ ഇറ്റലിക്കും തുര്‍ക്കിക്കും ഒപ്പമാണ് ഇരുവരുടെയും സ്ഥാനം. തുര്‍ക്കിക്കെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ഇറ്റലി ജയം സ്വന്തമാക്കി.