ആംസ്റ്റര്‍ഡാം: ബെല്‍ജിയത്തിന് പിന്നാലെ ഓറഞ്ച് പടയും നോക്ക് ഔട്ട് ഉറപ്പാക്കി. ഓസ്‌ട്രിയക്കെതിരെ ആംസ്റ്റര്‍ഡാം അരീനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയമാണ് നെതര്‍ലാന്‍ഡ് നേടിയത്. കിക്കോഫായി 11-ാം മിനിട്ടില്‍ മെംഫിസ് ഡിപെ പെനാല്‍ട്ടിയിലൂടെ ആദ്യം വല ചലിപ്പിച്ചു. ഓസ്‌ട്രിയയുടെ ബോക്‌സിനുള്ളില്‍ വെച്ച് നെതര്‍ലന്‍ഡിന്‍റെ വിങ്ങര്‍ ഡെല്‍സല്‍ ഡംഫ്രിസിനെ ഡേവിഡ് അലബാ ഫൗള്‍ ചെയ്‌തതിനാണ് റഫറി പെനാല്‍ട്ടി അനുവദിച്ചത്. പിന്നാലെ സെക്കന്‍ഡ് ഹാഫില്‍ ഡംഫ്രിസിലൂടെ ഓറഞ്ച് പട ലീഡ് രണ്ടാക്കി ഉയര്‍ത്തി.
നാല് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്ത നെതര്‍ലന്‍ഡിന് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ മാര്‍ജിനില്‍ ജയിക്കാന്‍ സാധിക്കാതെ പോയത്. മത്സരത്തില്‍ ഉടനീളം ഓസ്‌ട്രിയക്ക് മേല്‍ ആധിപത്യം പുലര്‍ത്താനും നെതര്‍ലന്‍ഡിനായി.
Also read: 'കുപ്പികള്‍ എടുത്ത് മാറ്റല്‍'; നീരസം പ്രകടിപ്പിച്ച് യുവേഫ
ഡച്ച് പരിശീലകന്‍ ഫ്രാങ്ക് ഡി ബോറിന്‍റെ തന്ത്രങ്ങള്‍ ഇത്തവണ വിജയം കാണുന്ന ലക്ഷണങ്ങളാണ് ഓറഞ്ച് പട കാഴ്‌ചവെക്കുന്നത്. കഴിഞ്ഞ തവണ യൂറോ കപ്പിലും ലോകകപ്പിലും തീര്‍ത്തും മങ്ങിയ പ്രകടനം നടത്തിയ നെതര്‍ലന്‍ഡ് ഇപ്പോള്‍ പുതിയ പരിശീലകന് കീഴില്‍ കുതിപ്പ് തുടരുകയാണ്. ഈ മാസം 21ന് നോര്‍ത്ത് മാസിഡോണിയക്കെതിരെയാണ് നെതര്‍ലന്‍ഡിന്‍റെ അടുത്ത മത്സരം. രാത്രി 9.30ന് ഇതേ വേദിയിലാണ് പോരാട്ടം.