ബുഡാപെസ്റ്റ് : മഹാമാരിയുടെ കാലത്ത് പ്രതീക്ഷയുടെ മുനമ്പായി കാല്‍പന്തിന്‍റെ ലോകം. ഒരു മുറിക്കുള്ളിലേക്ക് ഒതുങ്ങിയ ലോകം ഫുട്‌ബോളിലൂടെ പുറത്തിറങ്ങാന്‍ തുടങ്ങുകയാണ്. ഹംഗറിയിലെ പുഷ്‌കാസ് അരീന അതിന്‍റെ ദൃഷ്‌ടാന്തമായി.
കൊവിഡിനെ അതിജീവിച്ച് ജനസാഗരം ബുസ്‌കറ്റ്‌സിലെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. യൂറോകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ സ്വന്തം ടീം പന്ത് തട്ടുന്നത് കാണാന്‍ അവര്‍ എത്തിയപ്പോള്‍ സ്റ്റേഡിയം നിറഞ്ഞു.

അറുപതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്റ്റേഡിയം ആര്‍ത്തിരമ്പി. മുന്നൊരുക്കങ്ങളോടെ കൊവിഡ് മുക്തരെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഈ ഒത്തുകൂടല്‍.
പുല്‍നാമ്പുകളെ തീപ്പിടിപ്പിച്ചുകൊണ്ടുള്ള പന്തിന്‍റെ ഓരോ ചലനങ്ങളും ഗാലറി ഏറ്റെടുത്തു. ഹംഗറിക്കും പോര്‍ച്ചുഗലിനും വേണ്ടി അവര്‍ ചേരിതിരിഞ്ഞ് ആരവങ്ങള്‍ മുഴക്കി.ഒരു വര്‍ഷമായി കായിക ലോകത്തിന് അന്യമായ, ഏറെ കൊതിച്ച കാഴ്‌ചകള്‍ തിരിച്ചെത്തി.

ഒരു പന്തിനൊപ്പമുള്ള തീര്‍ഥാടനത്തിലാണ് യൂറോപ്പ്. യൂറോപ്യന്‍ ഫുട്‌ബോളിലെ കരുത്തരായ 24 രാജ്യങ്ങളിലെ ടീമുകളും അവരുടെ ആരാധകരും അനുസ്യൂതം തുടരുന്ന യാത്രകള്‍ക്ക് മുന്നില്‍ മഹാമാരി പോലും വഴിമാറാന്‍ തുടങ്ങിയിരിക്കുന്നു.
യൂറോ മുന്നോട്ട് വെക്കുന്നത് ശുഭ സൂചനയാണ്. മാനവരാശി അധികം കാത്തിരിക്കേണ്ടതില്ല. ലോകം പഴയപടിയാകുമെന്ന പ്രതീക്ഷ. പുഷ്‌കാസ് അരീനയില്‍ മാത്രമല്ല ഈ കാഴ്‌ച യൂറോപ്പിലെ മറ്റ് പത്ത് വേദികളിലും നിയന്ത്രണങ്ങളോടെ കാണികളെ പ്രവേശിപ്പിക്കുന്നു.

നിയന്ത്രണങ്ങളോടെ വിവിധ മത്സരങ്ങള്‍ക്കായി ഇതിനകം പതിനായിരത്തിലധികം പേരെ ഇതിനകം സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ച് കഴിഞ്ഞു. നേരത്തെ കൊവിഡില്‍ ലോകം സ്‌തംഭിച്ചപ്പോഴും ആദ്യം ചലനം വീണ്ടെടുത്തത് കാല്‍പന്തിന്‍റെ ലോകമായിരുന്നു.
ജര്‍മനിലില്‍ ബുണ്ടസ് ലീഗയില്‍ പന്തുരുളാന്‍ തുടങ്ങിയതിന് പിന്നാലെ ലോകമെങ്ങും കാല്‍പന്തിന്‍റെ ലോകത്തേക്ക് ബൂട്ടുകെട്ടി താരങ്ങള്‍ എത്തുന്നത് കണ്ടു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14ന് ബുണ്ടസ് ലീഗ പുനരാരംഭിച്ചതിന് പിന്നാലെ യൂറോപ്പിലെ പ്രമുഖ ലീഗുകളും തുടങ്ങി.

ആ മാറ്റത്തിനൊപ്പം ഇന്ത്യയിലെ ഐഎസ്‌എല്ലിലും ചലനങ്ങളുണ്ടായി. അടച്ചിട്ട വേദിയിലാണെങ്കിലും ഐഎസ്‌എല്‍ 13-ാം സീസണ് നാം ആതിഥേയത്വം വഹിച്ചു.
കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി 2021ലും ഫുട്‌ബോള്‍ ലോകത്തെ ചലനങ്ങള്‍ പ്രത്യാശയുടെ കിരണങ്ങളാണ് ബാക്കിയാക്കുന്നത്. കണ്ണും കാതും കൂര്‍പ്പിച്ച് ലോകം മുഴുവന്‍ യൂറോ കപ്പിലൂടെ ഒന്നായി മാറുമ്പോള്‍ ഗാലറികള്‍ നിറയുകയാണ്.
