ബുഡാപെസ്റ്റ്: ഗ്രൂപ്പ് എഫിലെ മൂന്നാം മത്സരത്തിൽ ഇന്ന് ഫ്രാൻസ് ഹംഗറി പോരാട്ടം. ആദ്യ മത്സരത്തിൽ ജർമനിയെ കീഴടക്കിയ ഫ്രഞ്ച് പടയ്ക്ക് ഇന്ന് വിജയിച്ചാൽ പ്രീക്വാട്ടർ ഉറപ്പിക്കാനാവും. അതേസമയം മറുവശത്ത് കാര്യങ്ങള്‍ അത്ര ശുഭകരമല്ല ഹംഗറിക്ക്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് പോർച്ചുഗലിനോട് തോറ്റ ഹംഗറി പടയ്ക്ക് ആദ്യ പതിനാറിൽ ഇടം പിടിക്കണമെങ്കിൽ വിജയം അനിവാര്യമാണ്.
അതുകൊണ്ട് തന്നെ സ്വന്തം തട്ടകമായ പുഷ്‌കാസ് അറീനയിൽ വിജയത്തിൽ കുറഞ്ഞതൊന്നും ടീം സ്വപ്‌നം കാണുന്നില്ല. ഇന്ത്യൻ സമയം വൈകുന്നേരം 6:30 നാണ് മത്സരം.
വിജയം ആവർത്തിക്കാൻ ഫ്രാൻസ്
![france vs hungary euro 2020 euro 2021 euro 2020 news യൂറോ കപ്പ് 2021 യൂറോ കപ്പ് 2020 യൂറോ കപ്പ് വാർത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/whatsapp_image_2021-06-18_at_170230_1906newsroom_1624098889_853.jpg)
കിലിയൻ എംബാപ്പേ, അന്‍റോയ്ൻ ഗ്രീസ്‌മാന്‍, കരീം ബെൻസേമ... കരുത്തരുടെ നിരയുമായി ഇറങ്ങുന്ന ഫ്രഞ്ച് പട തികഞ്ഞ ആത്മവിശ്വാത്തിലാണ്. ജർമനിക്ക് എതിരെ മികച്ച മത്സരം കാഴ്ചവെക്കാനായെങ്കിലും സെൽഫ് ഗോളിലെ വിജയം ലോക ചാമ്പ്യൻമാർക്ക് അത്ര ആശ്വാസം നൽകുന്നതല്ല. അതുകൊണ്ട് തന്നെ കരുത്തരുടെ മുന്നേറ്റ നിര ഹംഗറി ഗോള്‍ മുഖത്ത് നിരന്തരം ഭീഷണി ഉയർത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. അവസാന മത്സരം മുൻ ചാമ്പ്യൻമാരായ പോർച്ചുഗലിനോടായതിനാൽ ഹംഗറിയെ തകർത്ത് പ്രീക്വാട്ടർ ഉറപ്പിക്കാൻ തന്നെയാവും ഫ്രഞ്ച് പട ഇന്ന് ബൂട്ടണിയുക.
![france vs hungary euro 2020 euro 2021 euro 2020 news യൂറോ കപ്പ് 2021 യൂറോ കപ്പ് 2020 യൂറോ കപ്പ് വാർത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/e4avbwxucaq0efc_1906newsroom_1624098889_285.jpg)
മരണ പോരിനൊരുങ്ങി ഹംഗറി
മരണ ഗ്രൂപ്പിൽ വിജയത്തിനപ്പുറം ഒന്നും ഹംഗറി സ്വപ്നം കാണുന്നില്ല. ആദ്യ മത്സരത്തിൽ പോർച്ചുഗലിനോട് തോറ്റ ഹംഗറിക്ക് ആദ്യ പതിനാറിലെ സാധ്യതകള്‍ നിലനിർത്തണമെങ്കിൽ വിജയം അനിവാര്യമാണ്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പറങ്കിപടയ്ക്ക് മുമ്പിൽ നഷ്‌ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതും ടീമിന് പ്രധാനമാണ്. സ്വന്തം തട്ടകമായ പുഷ്‌കാസ് അറീനയിലാണ് മത്സരമെന്നത് ഹംഗറി പടയ്ക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ലോക ചാമ്പ്യൻമാർക്ക് മുമ്പിൽ പൊരുതാൻ ഉറച്ചു തന്നെയാവും ഹംഗറി ഇന്ന് കളത്തിലിറങ്ങുക.