പാരീസ്: ആറ് വര്‍ഷം ചെറിയ കാലയളവല്ല. വഴിമുടക്കിയ വിവാദങ്ങളെ മറികടന്ന് കരീം ബെന്‍സേമ ഫ്രഞ്ച് ദേശീയ ടീമിലേക്ക് തിരിച്ചെത്തുകയാണ്. ഇത്തവണ യൂറോ കപ്പ് നടക്കുമ്പോള്‍ നീണ്ട ഇടവേളക്ക് ശേഷം സൂപ്പര്‍ ഫോര്‍വേഡ് ഫ്രാന്‍സിന് വേണ്ടി ബൂട്ടണിയും.
ബെന്‍സേമ ഉള്‍പ്പെടെ 26 അംഗ ടീമിനെയാണ് യൂറോ കപ്പിനായി ഫ്രാന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാഴ്‌സയുടെ ഫോര്‍വേഡ് അന്‍റോണോയി ഗ്രീസ്‌മാന്‍, പിഎസ്‌ജിയുടെ കിലിയന്‍ എംബാപ്പെ എന്നിവരും ബെന്‍സേമക്കൊപ്പം ദേശീയ ടീമിന്‍റെ മുന്നേറ്റ നിരയില്‍ ഇടംപിടിച്ചു. കരിയറിന്‍റെ അവസാന ഘട്ടത്തിലേക്ക് കടന്ന ബെന്‍സേമ നിലവില്‍ തകര്‍പ്പന്‍ ഫോമിലാണ്. രാജ്യത്തിന് വേണ്ടി 81 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ബെന്‍സേമയുടെ പേരില്‍ 27 ഗോളുകളാണുള്ളത്. ജൂണ്‍ 15ന് ജര്‍മനിക്ക് എതിരെയാണ് ഫ്രാന്‍സിന്‍റെ ആദ്യത്തെ യൂറോ കപ്പ് പോരാട്ടം.
അവസാനമായി 2015ലിലാണ് ബെന്‍സേമ ഫ്രാന്‍സിന് വേണ്ടി ബൂട്ടണിഞ്ഞത്. പിന്നീട് ബ്ലാക്ക് മെയില്‍ കേസില്‍ ഉള്‍പ്പെട്ടതിന് തുടര്‍ന്ന് 2016ലെ യൂറോ കപ്പും 2018ലെ ലോകകപ്പും നഷ്‌ടമായി. 2018ല്‍ ഫ്രാന്‍സ് ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ എംബാപ്പെയും ഗ്രീസ്‌മാനുമായിരുന്നു ഫ്രഞ്ച് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ക്ലബ് ഫുട്‌ബോളില്‍ സ്‌പാനിഷ് ലീഗിലാണ് ബെന്‍സേമ ബൂട്ടണിയുന്നത്. ബെന്‍സേമയുടെ കരുത്തില്‍ റയല്‍ മാഡ്രിഡ് കഴിഞ്ഞ സീസണില്‍ ലീഗ് ചാമ്പ്യന്‍മാരായപ്പോള്‍ ഈ സീസണില്‍ കിരീട പോരാട്ടത്തിന്‍റെ അവസാന ഘട്ടത്തിലാണ്. ശനിയാഴ്‌ച നടക്കുന്ന നിര്‍ണായക മത്സരത്തില്‍ റയലിന് വേണ്ടി ബെന്‍സേമ ഉള്‍പ്പെടെ ബൂട്ടണിയും. വിയ്യാറയലിന് എതിരെയാണ് നിര്‍ണായക ലാലിഗ പോരാട്ടം.
കൂടുതല്‍ വായനക്ക്:ലാലിഗയില്‍ കപ്പിനായി മാഡ്രിഡ് പോരാട്ടം, കരുത്തറിയിക്കാൻ റയലും അത്‌ലറ്റിക്കോ മാഡ്രിഡും
22ന് നടക്കുന്ന മത്സരത്തിനൊടുവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടക്കാനായാലെ റയല്‍ മാഡ്രിഡിന് കിരീടം നിലനിര്‍ത്താനാകൂ. ടേബിള്‍ ടോപ്പറായ അത്‌ലറ്റിക്കോ മാഡ്രിഡിന് രണ്ട് പോയന്‍റിന്‍റെ മുന്‍തൂക്കമാണുള്ളത്.