ലണ്ടന്‍: ഓള്‍ഡ് ട്രാഫോഡില്‍ വീണ്ടും ആരാധകരുടെ പ്രതിഷേധം. ലോകത്ത് ആരാധകരാല്‍ സമ്പന്നമായ ഫുട്ബോള്‍ ക്ലബുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ രണ്ടാമത്തെ തവണയാണ് പ്രതിഷേധം കനക്കുന്നത്. ക്ലബ് ഉടമകളായ ഗ്രേസര്‍ ഗ്രൂപ്പിനെതിരായ ബാനറും കയ്യിലേന്തിയാണ് ആരാധകര്‍ സ്റ്റേഡിയത്തിന് സമീപം എത്തിയത്. ലിവര്‍പൂളും യുണൈറ്റഡും തമ്മിലുള്ള മത്സരം ആരംഭിച്ച ശേഷമാണ് സ്റ്റേഡിയത്തിന് പുറത്ത് ഒത്തുകൂടിയ ആരാധകര്‍ പ്രതിഷേധം അരങ്ങേറിയത്.
നേരത്തെ മെയ് രണ്ടിനും സമാന രീതിയില്‍ ആരാധകര്‍ ഓള്‍ഡ് ട്രാഫോഡില്‍ പ്രതിഷേധിച്ചിരുന്നു. അന്ന് പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ലിവര്‍പൂള്‍ പോരാട്ടമാണ് ഇന്ന് പുലര്‍ച്ചെ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്നത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മത്സരം മാറ്റിവെക്കേണ്ടി വന്നത്.
കൂടുതല്‍ വായനക്ക്: ഓള്‍ഡ് ട്രാഫോഡില്‍ പ്രതിഷേധം; യുണൈറ്റഡ്, ലിവര്‍പൂള്‍ അങ്കം മാറ്റിവെച്ചു
പ്രതിഷേധം ഭയന്ന് കനത്ത സുരക്ഷയാണ് സ്റ്റേഡിയത്തിന് പുറത്ത് ഒരുക്കിയത്. പൊലീസ് ഉള്‍പ്പെടെ സ്റ്റേഡിയത്തിന് കാവല്‍ നിന്നു. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം അംഗങ്ങള്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചപ്പോള്‍ മത്സരം തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് ലിവര്‍പൂള്‍ ടീം അംഗങ്ങളും ഓള്‍ഡ് ട്രാഫോഡില്‍ എത്തി.
കനത്ത സുരക്ഷയോടെയാണ് ഇരു ടീമുകളുടെയും ബസുകള്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ടീം അംഗങ്ങള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ച ശേഷമാണ് വെള്ളിയാഴ്ച ആരാധകര്‍ സ്റ്റേഡിയത്തിന് ചുറ്റും നിന്ന് പ്രതിഷേധിച്ചത്. സംഭവത്തില്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മത്സരത്തില്‍ ലിവര്‍പൂള്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി.
കൂടുതല്‍ വായനക്ക്: യുണൈറ്റഡിനെ മുട്ടുകുത്തിച്ചു; ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ സജീവമാക്കി ലിവര്‍പൂള്‍
ഫുള്‍ഹാമിന് എതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത ഹോം ഗ്രൗണ്ട് പോരാട്ടം. മത്സരം നേരില്‍ കാണാന്‍ 10,000 പേര്‍ക്ക് അവസരം ലഭിക്കും. ഈ മത്സരത്തില്‍ ഓള്‍ഡ് ട്രാഫോഡില്‍ ക്രമസമാധാനം നിലനിര്‍ത്തുക പൊലീസിന് വലിയ വെല്ലുവിളിയായി മാറും.
യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപനത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉള്‍പ്പെടെയുള്ള യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ക്ക് നേരെ ആരാധകരുടെ പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധം ഭയന്ന് യുണൈറ്റഡ് ഉള്‍പ്പെടെ ഏഴ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ സൂപ്പര്‍ ലീഗെന്ന ആശയത്തില്‍ നിന്നും പിന്മാറിയിരുന്നു. നിലവില്‍ റയല്‍ മാഡ്രിഡും ബാഴ്സലോണയും യുവന്റസും മാത്രമാണ് സൂപ്പര്‍ ലീഗെന്ന ആശയവുമായി മുന്നോട്ട് പോകുന്നത്. ഇതിനെതിരെ യുവേഫ ഉള്‍പ്പെെട നടപടികളുമായി മുന്നോട്ട് പോവുകയാണ്.