ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ എവര്‍ടണെ തളച്ച് ആഴ്‌സണല്‍. മറുപടിയില്ലാത്ത ഒരു ഗോളിനാണ് പീരങ്കിപ്പട പരാജയം വഴങ്ങിയത്. ഗണ്ണേഴ്‌സിന്‍റെ തന്നെ ജര്‍മന്‍ ഗോളി ലെനോയുടെ ഓണ്‍ ഗോളിലൂടെയാണ് എവര്‍ടണ്‍ ജയിച്ച് കയറിയത്. രണ്ടാം പകുതിയില്‍ എവര്‍ടണിന്‍റെ ഗോളടിക്കാനുള്ള ശ്രമം പ്രതിരോധിക്കുന്നതിനിടെ സംഭവിച്ച പിഴവിലൂടെയാണ് ഓണ്‍ ഗോള്‍.
ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ എല്ലാ മേഖലകളിലും മുന്നില്‍ നില്‍ക്കാനായെങ്കിലും മൈക്കള്‍ അട്ടേരയുടെ ശിഷ്യന്‍മാര്‍ക്ക് ഗോള്‍ മാത്രം കണ്ടെത്താനായില്ല. യൂറോപ്പ ലീഗ് യോഗ്യത ലക്ഷ്യമിട്ട് മുന്നേറുന്ന ആഴ്‌സണലിന് ഇന്നത്തെ പരാജയം വലിയ തിരിച്ചടിയാണ്. സീസണില്‍ അഞ്ച് മത്സരങ്ങളാണ് ആഴ്‌സണലിന് ബാക്കിയുള്ളത്.
33 മത്സരങ്ങളില്‍ നിന്നും 13 ജയം ഉള്‍പ്പെടെ 46 പോയിന്‍റാണ് മൈക്കള്‍ അട്ടേരയുടെ ശിഷ്യന്‍മാരുടെ അക്കൗണ്ടിലുള്ളത്. മറുഭാഗത്ത് എവര്‍ടണ്‍ 32 മത്സരങ്ങളില്‍ നിന്നും 15 ജയം ഉള്‍പ്പെടെ 52 പോയിന്‍റ് സ്വന്തമാക്കി. എവര്‍ടണ്‍ പട്ടികയില്‍ എട്ടാമതും ആഴ്‌സണല്‍ ഒമ്പതാമതുമാണ്. ടേബിള്‍ ടോപ്പറായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 10 പോയിന്‍റിന്‍റെ മുന്‍തൂക്കമാണുള്ളത്. 33 മത്സരങ്ങളില്‍ നിന്നും 24 ജയവും അഞ്ച് സമനിലയും ഉള്‍പ്പെടെ 77 പോയിന്‍റാണ് സിറ്റിക്കുള്ളത്. ലീഗില്‍ ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ ന്യൂകാസല്‍ യുണൈറ്റഡിനെ നേരിടും.