മാഡ്രിഡ്: റയല്‍ മല്ലോര്‍ക്കെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ ജയവുമായി റയല്‍ മാഡ്രിഡ് സ്പാനിഷ് ലാലിഗയില്‍ കുതിപ്പ് തുടരുന്നു. മത്സരത്തില്‍ വിനീസിയസ് ജൂനിയര്‍ 19-ാം മിനുട്ടിലും റാമോസ് 56-ാം മിനുട്ടിലും ഗോള്‍ സ്വന്തമാക്കി.
മല്ലോര്‍ക്കയെ പരാജയപ്പെടുത്തിയതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ റയല്‍ വീണ്ടും ഒന്നാം സ്ഥനത്തേക്ക് തിരിച്ചെത്തി. പ്രതിരോധത്തില്‍ വിള്ളല്‍ വരുത്താത്തത് കാരണമാണ് ടീമിന്‍റെ വിജയം ഉജ്ജ്വലമായി തീര്‍ന്നത്. കൊവിഡ് 19-നെ തുടര്‍ന്ന് പുനരാരംഭിച്ച ലീഗില്‍ ഇതേവരെ റയല്‍ പരാജയം വഴങ്ങിയിട്ടില്ല. ജൂണ്‍ 29-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ എസ്പാനിയോളാണ് റയലിന്‍റെ എതിരാളികള്‍. നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയുമായാണ് റയലിന്‍റെ കിരീട പോരാട്ടം. ഏഴ് മത്സരങ്ങളാണ് ലീഗില്‍ ഇനി ഇരു ടീമുകള്‍ക്കും ശേഷിക്കുന്നത്. അതിനാല്‍ തന്നെ ഒരോ ജയവും നിര്‍ണായകമാണ്.
നായകന്‍ റാമോസ് ക്ലബില്‍ തുടരുമെന്ന്് സിദാന്‍
അതേസമയം നായകന്‍ സെര്‍ജിയോ റാമോസ് ക്ലബുവിടുമെന്നുള്ള അഭ്യൂഹങ്ങള്‍ തള്ളി റയല്‍ മാഡ്രിഡ് പരിശീലന്‍ സിനദിന്‍ സിദാന്‍. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ തന്നെ റാമോസ് വിരമിക്കുമെന്ന് സിദാന്‍ പറഞ്ഞു. നേരത്തെ 2020-21 വര്‍ഷം റയലുമായുള്ള പ്രതിരോധ താരം റാമോസിന്റെ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. മല്ലോര്‍ക്കെതിരായ ജയത്തോടെയാണ് സിദാന്‍ നിലപാട് വ്യക്തമാക്കിയത്. സ്പാനിഷ് താരം റാമോസ് സെവില്ലയില്‍ നിന്നും 2005-ലാണ് റയല്‍ മാഡ്രിഡില്‍ എത്തുന്നത്. സീസണില്‍ റയലിനായി 10 ഗോളുകള്‍ റാമോസ് സ്വന്തമാക്കി. ഇതില്‍ എട്ട് ഗോളുകള്‍ ലാലിഗയിലും രണ്ടെണ്ണം ചാമ്പ്യന്‍സ് ലീഗിലുമായിരുന്നു.