റൊസാരിയോയിലെ തെരുവുകൾ ഇപ്പോൾ ഉറങ്ങാറില്ല. അവിടെ മിശിഹയുടെ തിരിച്ചുവരവിനുള്ള കാത്തിരിപ്പാണ്. 13-ാം വയസില്‍ അർജന്‍റീനയില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് പോകുമ്പോൾ ലയണല്‍ മെസി കാല്‍പ്പന്ത് കളിയുടെ മിശിഹയായി അവതരിച്ചിരുന്നില്ല. പക്ഷേ കാലം അവനിലെ മാന്ത്രികനെ ലോകത്തിന് സമ്മാനിച്ചു. ബാഴ്‌സലോണയില്‍ പന്തുകൊണ്ട് മായാജാലം സൃഷ്ടിച്ച മെസി മിശിഹയായി. ബാഴ്‌സയ്‌ക്കൊപ്പം മെസി മൈതാനത്ത് നിറയുമ്പോൾ ലോകം ഹൃദയം കൊണ്ട് കാല്‍പന്ത് കളിക്കുകയായിരുന്നു. ഇപ്പോഴിതാ ബാഴ്‌സയോട് വിടപറയുകയാണ് മെസി.
നൗകാമ്പിനോട് വിടപറയുന്ന മെസിയെ കാത്തിരിക്കുന്നത് പണം മാത്രം നിറയുന്ന ക്ലബുകളുടെ വാതിലുകളാണ്. പക്ഷേ പണക്കൊഴുപ്പിനൊപ്പം പോകാതെ ഇരമ്പിയാർക്കുന്ന ലാറ്റിനമേരിക്കൻ കേളീശൈലിയിലേക്ക് മെസി മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്.
അതെ... റൊസാരിയോയിലെ തെരുവുകളില്‍ മെസിക്കായുള്ള കാത്തിരിപ്പാണ്. മെസി കാല്‍പന്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ച റൊസാരിയോയിലെ ന്യൂവെയില്‍സ് ഓള്‍ഡ് ബോയിസെന്ന കുഞ്ഞന്‍ ക്ലബിലേക്ക് അദ്ദേഹം മടങ്ങിവരുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ലോകം മുഴുവൻ നിറഞ്ഞ് കളിച്ച ശേഷം സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തിയ ബാറ്റിസ്റ്റ്യൂട്ടയെ പോലെ മറഡോണയെ പോലെ മെസിയും മടങ്ങി വരുമെന്ന് അവർ സ്വപ്നം കാണുന്നു. ഒരു നാൾ മിശിഹ അർജന്‍റീനയില്‍ ഉയിർത്തെഴുന്നേല്‍ക്കും. അന്ന് കാല്‍പ്പന്തിന്‍റെ ലോകം ലാറ്റിനമേരിക്കയിലേക്ക് ചുരുങ്ങും.