ലണ്ടൻ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജൂണ് എട്ടിന് പുനഃരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ക്ലബ് അധികൃതരുടെ സംഘാടകരും വെള്ളിയാഴ്‌ച യോഗം ചേരും. വൈറസ് വ്യാപനം ശക്തിപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ മാസമാണ് മത്സരങ്ങള്‍ നിര്‍ത്തി വച്ചത്. ജൂണ്‍ മാസത്തോടെ മത്സരങ്ങള്‍ ആരംഭിക്കേണ്ടത് സംബന്ധിച്ച് ക്ലബുകളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ബ്രിട്ടീഷ് സാംസ്‌കാരിക മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കാണികളുടെ ആരോഗ്യം കൂടി പരിഗണിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ നടത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ജൂണ്‍ എട്ടിന് മത്സരങ്ങള്‍ ആരംഭിക്കണമെങ്കില്‍ മെയ് പതിനെട്ട് മുതലെങ്കിലും ടീമുകള്‍ക്ക് പരിശീലനം ആരംഭിക്കേണ്ടിവരും. സാമൂഹിക അകലം പാലിച്ച് പരിശീലനം നടത്താന്‍ ആഴ്‌സണല്‍, എവര്‍ട്ടണ്‍, വെസ്‌റ്റ് ഹാം ടീമുകള്‍ തങ്ങളുടെ താരങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.