റിയോ ഡി ജനീറോ: മകന്‍ എഡീഞ്ഞോയുടെ വെളിപ്പെടുത്തല്‍ തള്ളി ഫുട്ബോൾ ഇതിഹാസം പെലെ. താന്‍ സുഖമായി ഇരിക്കുന്നുവെന്നും പ്രായാധിക്യം കാരണമുള്ള ശാരീരിക പരിമിതികളെ അതിന്‍റേതായ രീതിയില്‍ കാണുന്നുവെന്നും പെലെ പറഞ്ഞു. മുന്‍കൂട്ടി തീരുമാനിച്ച പല ജോലികളും തീര്‍ക്കാനുണ്ട്. അതിനാല്‍തന്നെ തിരക്കേറിയ ജീവിതമാണ്. എനിക്ക് നല്ലതും മോശവുമായ ദിവസം ഉണ്ടാകാറുണ്ട്. എന്‍റെ പ്രായത്തിലുള്ളവർക്ക് അത് സാധാരണമാണ്. അതേക്കുറിച്ച് ഭയപ്പെടുന്നില്ല. ചെയ്യുന്ന കാര്യത്തില്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ടെന്നും പെലെ പറഞ്ഞു.
ഇടുപ്പില്‍ ശസ്ത്രക്രിയ ചെയ്തതിന് ശേഷം പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത ആരോഗ്യനിലയിലാണ് പെലെയെന്നായിരുന്നു നേരത്തെ മകന്‍ എഡിഞ്ഞോ വെളിപ്പെടുത്തിയിരുന്നത്. ഇതേ തുടർന്ന് നാണക്കേട് ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ പോലും പെലെ സന്നദ്ധനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എഡിഞ്ഞോ 1990-കളിൽ സാന്‍റോസിനായി ഗോൾകീപ്പറായി കളിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് വർഷമായി പെലെക്ക് നിരവധി ശാരീരിക വൈഷമ്യങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലില്‍ 13 ദിവസത്തോളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് ലോകകപ്പ് സ്വന്തമാക്കിയ ഒരേയൊരു ഫുട്ബോള്‍ താരമാണ് പെലെ. 79 വയസുള്ള പെലെ ന്യൂയോർക്ക് കോസ്മോസിന് വേണ്ടിയും ബ്രസീല്‍ ക്ലബ്ബായ സാന്‍റോസിന് വേണ്ടിയും കളിച്ചു. ബ്രസീലിനായി 91 തവണ നായകനായ പെലെ 77 അന്താരാഷ്‌ട്ര ഗോളുകളും സ്വന്തമാക്കി. 21 വർഷം നീണ്ടുനിന്ന പ്രൊഫഷണല്‍ ഫുട്‌ബോൾ കരിയറില്‍ 1,363 മത്സരങ്ങളില്‍ നിന്നായി 1,281 ഗോളുകളും പെലെ സ്വന്തമാക്കി.