റോം: യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ 16-ാം റൗണ്ടില്‍ ലാസിയോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്ക് പരാജയപ്പെടുത്തി. ആദ്യപകുതിയില്‍ ഒന്നിലധികം തവണ ഗോളവസരങ്ങള്‍ ഒരുക്കിയ ശേഷമാണ് ലാസിയോയുടെ ഗോള്‍വല പോളിഷ് ഫോര്‍വേഡ് ലെവന്‍ഡോവ്‌സ്‌കി കുലുക്കിയത്.
പിന്നാലെ ജമാല്‍ മുസിയാലയും ലിറോയ് സാനെയും ആദ്യപകുതിയില്‍ ഗോള്‍ സ്വന്തമാക്കി. ഫസ്റ്റ് ഹാഫില്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ബയേണ്‍ രണ്ടാം പകുതിയില്‍ ഓണ്‍ ഗോളിലൂടെയാണ് ലീഡുയര്‍ത്തിയത്. ബയേണിന്‍റെ ഡിഫന്‍ഡര്‍ ലാസിയോ തൊടുത്ത പാസിലൂടെ ഫ്രാന്‍സിസ്‌കോ അകേസര്‍ബിയാണ് പന്ത് വലയിലെത്തിച്ചത്. ലാസിയോക്കായി ജാക്വിന്‍ കൊറേയ ആശ്വാസ ഗോള്‍ സ്വന്തമാക്കി.
ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു ഒന്നാം പാദ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ചെല്‍സി പരാജയപ്പെടുത്തി. ഒലിവര്‍ ജിറൗഡാണ് ചെല്‍സിക്കായി ഗോള്‍വല കുലുക്കിയത്. സുവാരിസിന്‍റെ നേതൃത്വത്തിലുള്ള മൂര്‍ച്ചയില്ലാത്ത മുന്നേറ്റം അത്‌ലറ്റിക്കോ മാഡ്രിഡിന് തിരിച്ചടിയായി. വാറിലൂടെയാണ് റഫറി ഗോള്‍ അനുവദിച്ചത്. ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ അറ്റ്‌ലാന്‍ഡയും അത്‌ലറ്റിക്കോ മാഡ്രിഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയും മോന്‍ചെന്‍ഗ്ലാഡ്‌ബാക്കും മറ്റൊരു മത്സരത്തില്‍ ഏറ്റുമുട്ടും. ഇരു മത്സരങ്ങളും രാത്രി 1.30ന് നടക്കും.