ബെഗംളൂരു; മണിപ്പൂരില്‍ നിന്നുള്ള വനിതാ ഫുട്ബോൾ താരം ബാല ദേവി ഇന്ന് ഇന്ത്യൻ ഫുട്ബോളിന് മറ്റൊരു മേല്‍വിലാസം ചാർത്തി നല്‍കി. വിദേശ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ പ്രൊഫഷണല്‍ വനിതാ ഫുട്ബോൾ താരമായി ബാലദേവി മാറുമ്പോൾ അത് ഇന്ത്യൻ ഫുട്ബോളിന് അഭിമാനം നിമിഷം. കാല്‍പ്പന്ത് കളിയില്‍ ഇന്ത്യൻ വനിതാ താരങ്ങൾ ലോക നിലവാരത്തിലേക്ക് കുതിക്കുന്നു എന്ന സൂചനയാണ് 28കാരിയായ ബാലദേവി നല്‍കുന്നത്. സ്കോട്ടിഷ് ഫുട്ബോൾ ക്ലബായ റേഞ്ചേഴ്സ് ഫുട്ബോൾ ക്ലബുമായി 18മാസത്തെ കരാറാണ് മണിപ്പൂർ പൊലീസ് സ്പോർട്സ് ക്ലബിന്‍റെ താരമായ ബാല ദേവി ഇന്ന് ഒപ്പുവെച്ചത്. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ ടോപ് സ്കോററായ ബാല ദേവി, ഇന്ത്യൻ ഫുട്ബോളിന്‍റെ പേരും പെരുമയും ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ്.
പുതിയ കരാറില്‍ സന്തോഷമുണ്ടെന്നും 100 ശതമാനം ആത്മാർഥതയും കളിമികവും സ്കോട്ടിഷ് പ്രീമിയർ ലീഗില്‍ പുറത്തെടുക്കുമെന്നും ഇന്ത്യൻ ദേശീയ ടീമിന്‍റെ സ്ട്രൈക്കറായ ബാല ദേവി പറഞ്ഞു. വിദേശ ലീഗിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വനിതാ താരത്തിന് കളിക്കാൻ അവസരം ലഭിക്കുന്നത് കൂടുതല്‍ യുവതാരങ്ങൾക്ക് പ്രചോദനമാകുമെന്നും ബാലദേവി കൂട്ടിച്ചേർത്തു. ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻമാരായ ബംഗളൂരു എഫ്‌സിയുമായി ധാരണയുള്ള റേഞ്ചേഴ്സ് എഫ്സി ഇന്ത്യയില്‍ നിന്നുള്ള മികച്ച താരങ്ങൾക്ക് അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ബംഗളൂരു എഫ്സി സിഇഒ മന്ദർ തഹാനെ പറഞ്ഞു. 150 വർഷത്തിലേറെ പാരമ്പര്യമുള്ള ക്ലബാണ് റേഞ്ചേഴ്സ് എഫ്സി. അവരുമായി ബെംഗളൂരു എഫ്സിക്ക് സീനിയർ, വനിതാ, യൂത്ത് ലെവലുകളില്‍ കരാർ ഉണ്ടെന്നും മന്ദർ തഹാനെ കൂട്ടിച്ചേർത്തു.