ലീഡ്‌സ്: താരങ്ങളുടെ പരിശീലന പരിപാടി പുനരാരംഭിക്കാന്‍ ഒരുങ്ങി ആഴ്‌സണല്‍. കൊവിഡ് 19-നെ തുടർന്ന് സ്തംഭിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ആദ്യമായാണ് ഒരു ക്ലബ് പരിശീലന പരിപാടികൾ നടത്താന്‍ നീക്കം നടത്തുന്നത്. സർക്കാർ മാർഗ നിർദേശങ്ങൾ പാലിച്ച് സാമൂഹ്യ അകലം പാലിച്ചാകും താരങ്ങൾ പരിശീലനം നടത്തുകയെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി. നേരത്തെ ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അർട്ടേറ്റക്ക് ഉൾപ്പെടെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. പ്രീമിയർ ലീഗില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ് ആഴ്‌സണല്‍. എന്നാല്‍ ലീഗിലെ മറ്റ് ടീമുകൾ പരിശീലനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതേവരെ വ്യക്തത വരുത്തിയിട്ടില്ല.
നേരത്തെ ജർമനിയില്‍ ബുണ്ടസ് ലീഗിലെ ക്ലബുകൾ താരങ്ങളുടെ പരിശീലനം പുനരാരംഭിച്ചിരുന്നു. മെയ് ഒമ്പത് മുതല്‍ ബുണ്ടസ് ലീഗിലെ മത്സരങ്ങൾ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.