മിലാന്‍ : ഇന്‍റര്‍ മിലാന്‍ കോച്ച് അന്‍റോണിയോ കോണ്ടെ സ്ഥാനമൊഴിഞ്ഞു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ററിന് സീരി എ കിരീടം നേടിക്കൊടുത്ത് മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് കോണ്ടെയുടെ പടിയിറക്കം. ഇന്‍ററുമായി കോണ്ടെയ്ക്ക് ഒരു വര്‍ഷത്തേക്ക് കൂടി കരാറുണ്ടായിരുന്നു. പരസ്പര ധാരണയോടെയാണ് കോണ്ടെ ടീം വിട്ടതെന്ന് ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു.
'പരസ്പര ധാരണയോടെ അന്‍റോണിയോ കോണ്ടെയുമായുള്ള കരാര്‍ എഫ്.സി ഇന്‍റര്‍ മിലാന്‍ അവസാനിപ്പിക്കുകയാണ്. ക്ലബ്ബിന് 19ാമത്തെ സീരി എ കിരീടം നേടിത്തന്ന കോണ്ടെയുടെ അസാമാന്യ പ്രകടനത്തിന് നന്ദി. അന്‍റോണിയോ കോണ്ടെ എന്നേക്കും ക്ലബ്ബിന്‍റെ ചരിത്രത്തിന്‍റെ ഭാഗമായി തുടരും' പ്രസ്താവനയില്‍ ഇന്‍റര്‍ മിലാന്‍ വിശദീകരിച്ചു.
also read: കിരീടമില്ല, സിനദിൻ സിദാൻ റയല്‍ വിട്ടു, ഇനി യുവന്‍റസ്?
കൊവിഡ് സാഹചര്യത്തില്‍ വമ്പന്‍ താരങ്ങളെ ഒഴിവാക്കി ക്ലബ്ബിന്‍റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള മാനേജ്മെന്‍റ് നീക്കത്തോടുള്ള ഏതിര്‍പ്പിനെ തുടര്‍ന്നാണ് കോണ്ടെയുടെ പടിയിറക്കമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലബ്ബിന്‍റെ ശമ്പളച്ചിലവ് 15 മുതല്‍ 20 ശതമാനം വരെ കുറയ്ക്കാനാണ് മാനേജ്മെന്‍റ് പദ്ധതിയിട്ടിരുന്നത്.
ഇതിനോടൊപ്പം താരങ്ങളെ വിറ്റ് 80 ദശലക്ഷം യൂറോ സമാഹരിക്കാനും നീക്കമുണ്ട്. എന്നാല്‍ വിജയങ്ങള്‍ കണ്ടെത്തുന്ന ടീമിനെ ഇല്ലാതാക്കുന്നത് ശരിയല്ലെന്നായിരുന്നു കോണ്ടെയുടെ നിലപാട്. റൊമേലു ലുകാകു, ക്രിസ്റ്റ്യൻ എറിക്സൻ, അഷ്റഫ് ഹക്കിമി തുടങ്ങിയ താരങ്ങളെ മിലാനിലെത്തിച്ചത് കോണ്ടെയാണ്. അതേസമയം യുവന്‍റസ് മുൻ പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി, ലാസിയോ കോച്ച് സിമോൺ ഇൻസാഗി എന്നിവരെയാണ് കോണ്ടെയുടെ പിൻഗാമിയായി ഇറ്റാലിയൻ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്.