ബെർലിന്: രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ജർമന്‍ ബുണ്ടസ് ലീഗക്ക് ഇന്ന് തുടക്കമാവുന്നത്. ആഗോള തലത്തില്‍ കൊവിഡ് വ്യാപനത്തിന് ശേഷം ആരംഭിക്കുന്ന ആദ്യ പ്രമുഖ ലീഗണ് ഇത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മത്സരം നടക്കുക. സ്റ്റേഡിയത്തില്‍ നിന്നുംറഫറിയുടെ വിസിലിന്‍റെയോ കളിക്കാരുടെ ഷോട്ടുകളുടെയോ ശബ്‌ദമല്ലാതെ മറ്റ് ശബ്‌ദങ്ങളൊന്നും ഉയരില്ല. കളിക്കാർക്ക് തമ്മില്‍ കെട്ടിപിടിക്കാനോ ഗോൾ ആഘോഷിക്കാനോ അവസരമുണ്ടാകില്ല. സബ്സ്റ്റിറ്റ്യൂട്ടുകളും പരിശീലകരും ഉൾപ്പെടെ മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം. പതിവായി ലീഗിലെ കളിക്കാരും പരിശീലകരും മറ്റ് സ്റ്റാഫുകളും വൈറസ് ടെസ്റ്റിന് വിധേയരാവണം. മത്സരത്തിന് മുന്നോടിയായി എല്ലാ ക്ലബുകളും ക്വാറന്‍റയിനില്‍ പോകണം.
മത്സരത്തിനായി വിവിധ ക്ലബ് അംഗങ്ങൾ നിരവധി ബസുകളിലായാണ് സ്റ്റേഡിയത്തില്‍ എത്തുക. സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഈ നിയമങ്ങൾ തെറ്റിച്ചത് കാരണം ലീഗിലെ ചില അംഗങ്ങൾക്ക് ഇതിനകം നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. ഓസ്‌ബർഗ് ക്ലബിന്‍റെ പരിശീലകന്‍ ഹെയ്‌ക്കോ ഹെർലിഷാണ് നടപടി നേരിട്ടത്. ക്വാറന്‍റീന്‍ നിയമം ലംഘിച്ച് പേസ്റ്റ് വാങ്ങാന്‍ പോയത് കാരണം അദ്ദേഹത്തിന് ഇന്നത്തെ മത്സരം നഷ്‌ടമാകും. ലീഗിലെ ഇന്നത്തെ ആദ്യ മത്സരം ഷാല്‍ക്കെയും ഡോർട്ട്മുണ്ടും തമ്മിലാണ്. നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്‍റെ മത്സരം നാളെയാണ്. പോയിന്‍റ് പട്ടികയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് തന്നെയാണ് മുന്നില്‍. 25 മത്സരങ്ങളില്‍ നിന്നും 55 പോയിന്‍റ് ബയേണ്‍ സ്വന്തമാക്കി. രണ്ടാം സ്ഥാനത്ത് 51 പോയിന്‍റുമായി ബൊറൂസിയ ഡോർട്ട്മുണ്ടും മൂന്നാം സ്ഥാനത്ത് 50 പോയിന്‍റുമായി ലൈപ്‌സീഗുമാണ് ഉള്ളത്. യൂണിയന്‍ ബെർലിന് എതിരെ ഞായറാഴ്‌ച രാത്രിയാണ് ബയേണിന്‍റെ കളി.