സൂറിച്ച്: കൊവിഡ് 19 പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം നടക്കാനിരുന്ന അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ ഫിഫ മാറ്റിവെച്ചു. യഥാക്രമം പെറുവിലും ഇന്തോനേഷ്യയിലുമായാണ് ഫുട്‌ബോൾ ലോകകപ്പുകള്‍ നടത്താനിരുന്നത്. കൊവിഡിനെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങളും ലോകകപ്പ് സംഘടിപ്പിക്കാനുള്ള വെല്ലുവിളികളും കണക്കിലെടുത്താണ് ഫിഫയുടെ തീരുമാനം.
2023ലെ അണ്ടര്‍ 20 ലോകകപ്പിന് ഇന്ത്യോനേഷ്യയും അണ്ടര്‍ 17 ലോകകപ്പിന് പെറുവും ആതിഥേയത്വം വഹിക്കും. ടൂര്‍ണമെന്‍റ് വിജയകരമായി നടത്താന്‍ ആതിഥേയ രാജ്യങ്ങളുമായി ചേര്‍ന്ന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഫിഫ കൂട്ടിച്ചേര്‍ത്തു.
വനിതാ ലോകകപ്പില്‍ 32 ടീമുകളെ പങ്കെടുപ്പിക്കുന്ന കാര്യവും ഫിഫയുടെ പരിഗണനയിലാണ്. 2019 ലോകകപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് വനിതാ ഫുട്‌ബോളിന്‍റെ വികാസം ലക്ഷ്യമിട്ട് പുതിയ നീക്കം. ആതിഥേയ രാജ്യങ്ങള്‍ എന്ന നിലക്ക് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ഇതിനകം 2023ലെ വനിതാ ലോകകപ്പിന് യോഗ്യത സ്വന്തമാക്കി കഴിഞ്ഞു.