ന്യൂഡല്‍ഹി: ഓസ്‌ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ റോഡ്‌നി മാർഷിന്‍റെയും ഷെയ്ൻ വോണിന്‍റെയും വിയോഗത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് അനുശോചനം രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവര്‍ക്കും കപില്‍ അനുശോചനം രേഖപ്പെടുത്തിയത്. വെള്ളിയാഴ്‌ചയാണ് ഇരു താരങ്ങളും മരണത്തിന് കീഴടങ്ങിയത്.
"റോഡ് മാർഷിനൊപ്പമാണ് ഓസ്‌ട്രേലിയയിൽ എന്റെ ആദ്യ ടെസ്റ്റ് പരമ്പര ഞാന്‍ കളിച്ചത്. മികച്ച വിക്കറ്റ് കീപ്പറാണ് മാര്‍ഷ്. റോഡും ലില്ലിയും എതിർ ടീമിന് മാരകമായ ജോഡികളായിരുന്നു. അസാധ്യമായ നിലയില്‍ വിക്കറ്റ് കീപ്പിങ്ങിന്‍റെ സ്റ്റാന്‍റേര്‍ഡുകള്‍ സ്ഥാപിക്കാനും മാര്‍ഷിനായി" കപിൽ ദേവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
"പിന്നെ ഷെയ്ൻ. ഒരു ദിവസം രണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ. ഷെയ്ൻ, നിങ്ങൾ നിങ്ങളുടെ ജീവിതം രാജാവായി ജീവിച്ചു" അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിന്‍ വിക്കറ്റ് കീപ്പറായിരുന്ന റോഡ് മാര്‍ഷ് അഡ്‌ലെയ്ഡില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്തരിച്ചത്. 1970 മുതല്‍ 84 വരെ ഓസീസിന്‍റെ ടെസ്റ്റ് ടീമില്‍ അംഗമായിരുന്നു.
92 ഏകദിന മത്സരങ്ങളിലും 74കാരനായ താരം ഓസ്‌ട്രേലിയന്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. അതേസമയം തായ്‌ലൻഡിലെ കോ സാമുയിയിൽ വെച്ചാണ് 52കാരനായ ഷെയ്‌ന്‍ മരണത്തി കീഴടങ്ങിയത്.
also read: ഷെയ്‌ൻ വോണിന് ആരവര്‍പ്പിച്ച് ഇന്ത്യയും ശ്രീലങ്കയും; കളത്തിലിറങ്ങിയത് കറുത്ത ആംബാന്‍ഡുമായി
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വോണിനെ തന്‍റെ വില്ലയിൽ ബോധ രഹിതനായി കാണപ്പെടുകയായിരുന്നു. മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ജിവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായില്ല.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായാണ് വോണ്‍ അറിയപ്പെടുന്നത്. ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ശേഷം ക്രിക്കറ്റിൽ 1000 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന ഏക ക്രിക്കറ്റർ കൂടിയാണ് വോണ്‍.
ടെസ്റ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റും ഏകദിനത്തിൽ 194 മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റുകളും വോണ്‍ സ്വന്തമാക്കിയിട്ടുണ്ട്.