സതാംപ്ടണ്‍: ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ശ്രമിക്കുമെന്ന് ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായാണ് രഹാനെയുടെ പ്രതികരണം.
''എന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ശ്രമിക്കും. ഞാന്‍ സെഞ്ചുറി നേടുന്നതിനേക്കാള്‍ ടീം വിജയിക്കുക എന്നതിനാണ് പ്രാധാന്യം. എന്നെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ 30 റണ്‍സോ, 40 റണ്‍സോ ടീമിന് വിലമതിക്കാനാവത്തതാണെങ്കില്‍ ഞാന്‍ സന്തോഷവാനാണ്.
also read:ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: 'അശ്വിനും ജഡേജയും വേണം'; ശക്തമായ കാരണമുണ്ടെന്ന് സച്ചിന്‍
വിമര്‍ശനങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്. വിമര്‍ശനങ്ങളാലാണ് ഞാന്‍ ഇവിടെയെത്തിയതെന്ന് തോന്നുന്നു. ആളുകള്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും എന്‍റെ മികച്ചത് നല്‍കാനാണ് ഞാന്‍എപ്പോഴും ശ്രമം നടത്താറുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം,
എന്‍റെ രാജ്യത്തിനായി ബാറ്റ്സ്മാൻ അല്ലെങ്കിൽ ഒരു ഫീൽഡർ എന്ന നിലയിൽ ഓരോ തവണയും എന്‍റെ മികച്ചത് നല്‍കുകയെന്നതാണ് ഏറ്റവും പ്രാധാന്യം'' രഹാനെ പറഞ്ഞു. അതേസമയം മാനസികമായി ശക്തമായിരിക്കുകയെന്നതാണ് യുവ കളിക്കാരോട് പറയാനുള്ളതെന്നും നല്ല രീതിയില്‍ കളിച്ച് ടീമിനായി നമ്മുടെ മികച്ച് നല്‍കുകയെന്നതാണ് ചെയ്യേണ്ടതെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.