ഓവല്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായി പുരോഗമിക്കുകയാണ്. മത്സരത്തിന്‍റെ നാലാം ദിനം എത്തി നില്‍ക്കെ നിലവില്‍ ഇന്ത്യ ബാക്ക്‌ഫൂട്ടിലാണുള്ളത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യയ്‌ക്ക് കിരീടം കയ്യകലത്തില്‍ നഷ്‌ടമാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.
മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്നലെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 123 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് സ്റ്റംപെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ 469 റണ്‍സെടുത്ത ഓസീസിന് മറുപടിക്കിറങ്ങിയ ഇന്ത്യ 296 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെ ആറ് വിക്കറ്റ് ശേഷിക്കെ നിലവില്‍ 296 റണ്‍സിന്‍റെ മികച്ച ലീഡാണ് ഓസ്‌ട്രേലിയയ്‌ക്ക് ഉള്ളത്.
നാലാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനഃരാരംഭിക്കുന്ന ഓസീസ് ഇന്ത്യയ്‌ക്ക് മുന്നില്‍ കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്താനുറച്ചാവും ബാറ്റ് വീശുക. മാർനസ് ലബുഷെയ്‌ൻ marnus labuschagne (41*), കാമറൂണ്‍ ഗ്രീൻ (7*) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യയ്‌ക്ക് മുന്നില്‍ 350 റണ്‍സിന് പുറത്തുള്ള ഒരു വിജയ ലക്ഷ്യം വയ്‌ക്കാനാവും ഓസീസ് ലക്ഷ്യം വയ്‌ക്കുന്നതെന്നുറപ്പ്.
ചേസിങ് എളുപ്പമാവില്ല: മത്സരം നടക്കുന്ന കെന്നിങ്‌ടണ്‍ ഓവലിലെ ചേസിങ് റെക്കോഡ് ഇന്ത്യയ്‌ക്ക് ആശ്വാസം നല്‍കുന്നതല്ല. ഇവിടെ നടന്ന ടെസ്റ്റുകളുടെ ചരിത്രമെടുത്താല്‍ നാലാം ഇന്നിങ്‌സില്‍ ഒരു ടീമിന് പോലും 300 റണ്‍സിന് മുകളില്‍ ചേസ് ചെയ്‌തു വിജയിക്കാന്‍ സാധിച്ചിട്ടില്ല. 1902-ല്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഇംഗ്ലണ്ട് 263 റണ്‍സ് ചേസ് ചെയ്‌താണ് ഇവിടുത്തെ എക്കാലത്തേയും റെക്കോഡ്. ഇത്തവണ ഓസീസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ 121വര്‍ഷത്തെ ചരിത്രം കൂടെ തിരുത്താന്‍ ഇന്ത്യയ്‌ക്ക് സാധിക്കും.
അതേസമയം ഉസ്‌മാന്‍ ഖവാജ (13), ഡേവിഡ് വാര്‍ണര്‍ (1), സ്‌റ്റീവ് സ്‌മിത്ത് (34), ട്രാവിസ് ഹെഡ് (18) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് ഇന്നലെ നഷ്‌ടമായിരുന്നു. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്‌ത്തിയിരുന്നു. ഇന്ന് ആദ്യ സെഷനില്‍ തന്നെ ഓസീസിന്‍റെ ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ എറിഞ്ഞിടാനുറച്ചാവും ഇന്ത്യ ഇറങ്ങുക.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയയെ സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ് എന്നിവര്‍ നേടിയ സെഞ്ചുറികളാണ് മികച്ച നിലയിലേക്ക് എത്തിച്ചത്. ഏകദിന ശൈലിയില്‍ കളിച്ച ട്രാവിസ് ഹെഡ് 163 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ 121 റണ്‍സായിരുന്നു സ്‌മിത്തിന്‍റെ സമ്പാദ്യം. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റുകള്‍ നേടിയിരുന്നു.
മറുപടിക്കിറങ്ങിയ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടപ്പോള്‍ അജിങ്ക്യ രഹാനെ (89 ) ajinkya rahane, ശാര്‍ദുല്‍ താക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. രോഹിത് ശര്‍മ (15), ശുഭ്‌മാന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14), ശ്രീകര്‍ ഭരത് (5), ഉമേഷ് യാദവ് (5), മുഹമ്മദ് ഷമി (13) എന്നിങ്ങനെയായിരുന്നു പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.