മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റിനെതിരെയും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി വെറ്ററൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. കോച്ച് രാഹുൽ ദ്രാവിഡിന്‍റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്‍റ് തന്നോട് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പറഞ്ഞതായി സാഹ വെളിപ്പെടുത്തി.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് സാഹയുടെ പ്രതികരണം. ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നതിനാലാണ് ഇതേവരെ ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും സാഹ പറഞ്ഞു.
താന്‍ ബിസിസിഐയില്‍ ഉള്ളിടത്തോളം കാലം ടീമില്‍ ഇടം ലഭിക്കുന്നതിനെക്കുറിച്ച് പേടിക്കേണ്ടതില്ലെന്ന് പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നതായും സാഹ വെളിപ്പെടുത്തി.
''കഴിഞ്ഞ നവംബറില്‍ കാണ്‍പൂരില്‍ ന്യൂസിലാന്‍ഡിനെതിരെ 61 റണ്‍സ് നേടിയ ഞാന്‍ പുറത്താവാതെ നിന്നിരുന്നു. പെയിന്‍ കില്ലര്‍ കഴിച്ചായിരുന്നു ഞാന്‍ കളിക്കാനിറങ്ങിയത്. പിന്നാലെ എന്നെ അഭിനന്ദിച്ച് ദാദി(സൗരവ് ഗാംഗുലി) വാട്‌സാപ്പില്‍ സന്ദേശം അയച്ചു.
'ബിസിസിഐയില്‍ ഞാന്‍ ഉള്ളിടത്തോളം ഒന്നും പേടിക്കേണ്ടതില്ലെന്നായിരുന്നു സന്ദേശം'. ബോര്‍ഡ് പ്രസിഡന്‍റില്‍ നിന്നും വന്ന അത്തരമൊരു സന്ദേശം എന്‍റെ ആത്മവിശ്വാസം ഉയര്‍ത്തി. എന്നാല്‍ കാര്യങ്ങള്‍ ഇത്രപെട്ടെന്ന് എങ്ങനെയാണ് മാറിയതെന്ന് മനസിലാവുന്നില്ല'' - സാഹ പറഞ്ഞു.
അതേസമയം ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടില്ലെന്ന് അറിയിച്ചതിനാലാണ് സാഹ രഞ്ജി ട്രോഫിയിൽ നിന്ന് പിന്മാറിയതെന്ന് ഫെബ്രുവരി 8ന് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.