ഹൈദരാബാദ് : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ (World Test Championship) ആദ്യ രണ്ട് പതിപ്പുകളിലും ഫൈനലില്‍ എത്തിയ ടീമാണ് ഇന്ത്യയുടേത് (Team India). എന്നാല്‍, രണ്ട് പ്രാവശ്യവും ടീമിന് കലാശപ്പോരില്‍ കാലിടറി. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ വിരാട് കോലിയുടെ (Virat Kohli) നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടപ്പോള്‍ രോഹിത്തിന് (Rohit Sharma) കീഴില്‍ ഇറങ്ങിയ ഇന്ത്യന്‍ സംഘം രണ്ടാം ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ടീമിനോടാണ് അടിയറവ് പറഞ്ഞത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ മൂന്നാം പതിപ്പും മികച്ച രീതിയില്‍ തന്നെ തുടങ്ങാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രം കളിച്ച ഇന്ത്യ നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ സ്ഥാനത്ത് തന്നെയുണ്ട് (WTC 2023-25 Points Table). വിന്‍ഡീസില്‍ ഒരു ജയവും ഒരു സമനിലയുമായിരുന്നു ടീം സ്വന്തമാക്കിയത്.
2023-25 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാവി നിര്‍ണയിക്കപ്പെടുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. വരുന്ന 77 ദിവസം കൊണ്ട് 7 ടെസ്റ്റ് മത്സരങ്ങള്‍ക്കായി ടീം ഇന്ത്യ മൈതാനത്തേക്ക് ഇറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളെയാണ് ഇന്ത്യയ്‌ക്ക് നേരിടാനുള്ളത്.
അതില്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്നാണ് ആരംഭിക്കുന്നത്. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഉള്ള ഇന്ത്യന്‍ സംഘം രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ ഈ പരമ്പരയില്‍ ഇന്ത്യയ്‌ക്ക് ജയം അനിവാര്യമാണ്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണായക പോയിന്‍റുകള്‍ക്ക് പുറമെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയം കൂടിയാകും രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നത്. 1992 മുതല്‍ ദക്ഷിണാഫ്രിക്കയിലേക്ക് പര്യടനം നടത്തിയിട്ടും ഒരിക്കല്‍പോലും ടീം ഇന്ത്യയ്‌ക്ക് ഇവിടെ ടെസ്റ്റ് പരമ്പര നേടാന്‍ സാധിച്ചിട്ടില്ല. വെറും നാല് മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യയ്‌ക്ക് ദക്ഷിണാഫ്രിക്കയില്‍ ജയം നേടാനുമായിട്ടുള്ളത്.
ഇന്ത്യയിലെ ഇംഗ്ലീഷ് പരീക്ഷ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്‌ക്ക് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് കരുത്തരായ ഇംഗ്ലണ്ടാണ് (India vs England Test Series). പുതുവര്‍ഷത്തില്‍ ഇന്ത്യയിലേക്ക് എത്തുന്ന ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളാണ് രോഹിത് ശര്‍മയ്‌ക്കും സംഘത്തിനുമെതിരെ കളിക്കുന്നത്. ബാസ്‌ബോളുമായി എത്തുന്ന ഇംഗ്ലണ്ടിന് ടീം ഇന്ത്യയെ എത്രത്തോളം സമ്മര്‍ദത്തിലാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ജനുവരി 25നാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.