സിൽഹെറ്റ് : വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ യുഎഇയ്ക്ക് 179 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ വനിതകള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്. ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ് എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്.
ദീപ്തി ശര്‍മ 49 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 64 റണ്‍സെടുത്ത് പുറത്തായി. 45 പന്തില്‍ 11 ഫോറുകളുടെ അകമ്പടിയോടെ 75 റണ്‍സടിച്ച ജെമീമ റോഡ്രിഗസ് പുറത്താവാതെ നിന്നു. ഞെട്ടിക്കുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.
അഞ്ച് ഓവര്‍ പിന്നിടുമ്പോഴേക്കും 19 റണ്‍സിന് മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. റിച്ച ഘോഷ് (0), സബിനേനി മേഘ്ന (10), ദയാലൻ ഹേമലത (2) എന്നിവരാണ് വേഗം തിരിച്ചുകയറിയത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ദീപ്തിയും ജെമീമയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടുനയിച്ചു.
നാലാം വിക്കറ്റില്‍ 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. 18ാം ഓവറിന്റെ അഞ്ചാം പന്തില്‍ ദീപ്തിയെ പുറത്താക്കി സുരക്ഷ കോട്ടെയാണ് യുഎഇയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ പൂജ വസ്ത്രാകറിന് കൂടുതല്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല.
അഞ്ച് പന്തില്‍ 13 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നാല് പന്തില്‍ 10 റണ്‍സുമായി കെപി നവ്ഗിരെയും പുറത്താവാതെ നിന്നു. യുഎഇയ്ക്കായി ക്യാപ്റ്റന്‍ ഛായ മുഖള്‍, മഹിക ഗൗർ, ഇഷ രോഹിത് ഓസ, സുരക്ഷ കോട്ടെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.