സിൽഹെറ്റ് : വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. മൂന്നാം മത്സരത്തില്‍ യുഎഇ വനിതകളെ 104 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന യുഎഇയ്‌ക്ക് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 74 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
54 പന്തില്‍ 30 റണ്‍സ് നേടി പുറത്താവാതെ നിന്ന കവിഷ ഇഗോഡാകെയാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. ഖുഷി ശര്‍മ 50 പന്തില്‍ 29 റണ്‍സെടുത്തു. രണ്ട് ഓവര്‍ പിന്നിടുമ്പോഴേക്കും അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു യുഎഇ.
തീര്‍ഥ സതീഷ് (1), ഇഷ രോഹിത് ഓസ (4), നഥാഷ ചെറിയത്ത് (0) എന്നിവരാണ് വന്നപാടെ തിരിച്ച് കയറിയത്. തുടര്‍ന്ന് പൊരുതി നിന്ന കവിഷയും ഖുഷിയുമാണ് സംഘത്തിന്‍റെ ഇന്നിങ്‌സ് ദീര്‍ഘിപ്പിച്ചത്. 18ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഖുഷിയെ പുറത്താക്കി ദയാലൻ ഹേമലതയാണ് ഈ കൂകെട്ട് പൊളിച്ചത്.
ക്യാപ്റ്റന്‍ ഛായ മുഖളും (6) പുറത്താവാതെ നിന്നു. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയെങ്കിലും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്താന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞില്ല. മൂന്ന് ഓവറില്‍ 20 റണ്‍സ് വഴങ്ങി രാജേശ്വരി ഗെയ്‌ക്‌വാദ് രണ്ട് വിക്കറ്റും, ദയാലൻ ഹേമലത എട്ട് റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റും വീഴ്‌ത്തി.
നേരത്തെ ടോസ് നേടി ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 178 റണ്‍സ് എടുത്തത്. ദീപ്‌തി ശര്‍മ, ജെമീമ റോഡ്രിഗസ് എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയ്‌ക്ക് തുണയായത്. ദീപ്‌തി 49 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 64 റണ്‍സെടുത്ത് പുറത്തായി.
45 പന്തില്‍ 11 ഫോറുകളുടെ അകമ്പടിയോടെ 75 റണ്‍സടിച്ച ജെമീമ റോഡ്രിഗസ് പുറത്താവാതെ നിന്നു. ഞെട്ടിക്കുന്ന തുടക്കമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. അഞ്ച് ഓവര്‍ പിന്നിടുമ്പോഴേക്കും 19 റണ്‍സിന് മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. റിച്ച ഘോഷ് (0), സബിനേനി മേഘ്‌ന (10), ദയാലൻ ഹേമലത (2) എന്നിവരാണ് വേഗം തിരിച്ചുകയറിയത്.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ദീപ്‌തിയും ജെമീമയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടുനയിച്ചു. നാലാം വിക്കറ്റില്‍ 129 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. 18ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ദീപ്‌തിയെ പുറത്താക്കി സുരക്ഷ കോട്ടെയാണ് യുഎഇയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
തുടര്‍ന്നെത്തിയ പൂജ വസ്‌ത്രാകറിന് കൂടുതല്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. അഞ്ച് പന്തില്‍ 13 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. നാല് പന്തില്‍ 10 റണ്‍സുമായി കെപി നവ്‌ഗിരെയും പുറത്താവാതെ നിന്നു.
യുഎഇയ്‌ക്കായി ക്യാപ്റ്റന്‍ ഛായ മുഖള്‍, മഹിക ഗൗർ, ഇഷ രോഹിത് ഓസ, സുരക്ഷ കോട്ടെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. തുടര്‍ന്ന് മലേഷ്യയേയും സംഘം കീഴടക്കി.