ലണ്ടന്‍ : വനിത ആഷസ് 2023 ഓസ്‌ട്രേലിയയ്‌ക്ക്. ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ ട്രെന്‍റ്‌ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ 86 റണ്‍സിന്‍റെ വിജയമാണ് ഓസീസ് വനിതകള്‍ നേടിയത്. രണ്ടാം ഇന്നിങ്‌സിന് ശേഷം ഓസീസ് ഉയര്‍ത്തിയ 268 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 178 റണ്‍സിന് പുറത്താവുകയായിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ വനിതകള്‍ - 473, 257 ഇംഗ്ലണ്ട് വനിതകള്‍ 463, 178. ഒരു ടെസ്റ്റ് മാത്രമാണ് വനിത ആഷസില്‍ ഉള്ളത്.
വിജയ ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയരായ ഇംഗ്ലണ്ടിനെ ആഷ്‌ലി ഗാര്‍ഡ്‌നറുടെ മാരക ബോളിങ്ങാണ് തകര്‍ത്തത്. 20 ഓവറില്‍ 66 റണ്‍സ് വഴങ്ങിക്കൊണ്ട് എട്ട് വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റുകള്‍ നേടിയ ആഷ്‌ലി ഗാര്‍ഡ്‌നര്‍ ഇതോടെ മത്സരത്തിലാകെ 165 റണ്‍സിന് 12 വിക്കറ്റുകളാണ് വീഴ്‌ത്തിയത്.
ടെസ്റ്റ് മത്സരത്തില്‍ ഒരു ഓസീസ് വനിത താരത്തിന്‍റെ ഏറ്റവും മികച്ച പ്രടനമാണിത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ചുറി നേടിയ ഡാനി വ്യാറ്റ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. എമ്മ ലാമ്പ് (40 പന്തില്‍ 28), ടാമി ബ്യൂമോണ്ട് (26 പന്തില്‍ 22), സോഫിയ ഡങ്ക്ലി (39 പന്തില്‍ 16), കേറ്റ് ക്രോസ് (23 പന്തില്‍ 13), സോഫി എക്ലെസ്റ്റോൺ (33 പന്തില്‍ 10) എന്നിവരാണ് രണ്ടക്കത്തില്‍ എത്തിയ മറ്റ് താരങ്ങള്‍.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ 473 റണ്‍സാണ് നേടിയിരുന്നത്. അന്നബെല്‍ സതര്‍ലാന്‍ഡിന്‍റെ സെഞ്ചുറിയും എല്ലിസ് പെറി, തഹ്‌ലിയ മഗ്രാത്ത് എന്നിവരുടെ അര്‍ധ സെഞ്ചുറിയുമായിരുന്നു ടീമിന് തുണയായത്. 184 പന്തില്‍ 137 റണ്‍സ് നേടിയ അന്നബെല്‍ പുറത്താവാതെ നിന്നപ്പോള്‍ എല്ലിസ് പെറി 153 പന്തില്‍ 99 റണ്‍സും തഹ്‌ലിയ 83 പന്തില്‍ 61 റണ്‍സുമായിരുന്നു നേടിയത്.
അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സോഫി എക്ലെസ്റ്റോണാണ് സന്ദര്‍ശകരെ പിടിച്ച് കെട്ടിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടും ഓസീസിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി. ടാമി ബ്യൂമോണ്ടിന്‍റെ ഇരട്ട സെഞ്ചുറിയുടെ മികവില്‍ 463 റണ്‍സായിരുന്നു സംഘം നേടിയത്. 331 പന്തില്‍ 208 റണ്‍യായിരുന്നു ടാമി ബ്യൂമോണ്ട് നേടിയത്. അര്‍ധ സെഞ്ചുറിയുമായി ഹേതര്‍ നൈറ്റ് (57), നതാലി സ്‌കീവര്‍ (57) എന്നിവരും പിന്തുണ നല്‍കി.
ആദ്യ ഇന്നിങ്‌സില്‍ 10 റണ്‍സിന്‍റെ ലീഡുമായി ഇറങ്ങിയ ഓസീസിന് രണ്ടാം ഇന്നിങ്‌സില്‍ 257 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. ബേത്ത് മൂണി (168 പന്തില്‍ 85), ക്യാപ്റ്റന്‍ അലീസ ഹീലി (62 പന്തില്‍ 50) എന്നിവരാണ് തിളങ്ങിയത്. രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് വീഴ്‌ത്താന്‍ സോഫി എക്ലസ്റ്റോണിന് കഴിഞ്ഞിരുന്നു.