ഫ്ലോറിഡ : വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ നേടിയത്. ചേസിങ്ങിന് മോശം റെക്കോഡുള്ള ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 179 റണ്‍സിന്‍റെ വിജയ ലക്ഷ്യമായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ വിജയത്തിലേക്ക് എത്തുകയായിരുന്നു.
വിന്‍ഡീസ് ബോളര്‍മാര്‍ക്ക് എതിരെ ആഴിഞ്ഞാടിയ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരാണ് ടീമിനെ വമ്പന്‍ വിജയത്തിലേക്ക് നയിച്ചത്. ജയ്‌സ്വാള്‍ 51 പന്തില്‍ 11 ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 84 റണ്‍സ് നേടി പുറത്താവാതെ നിന്നപ്പോള്‍ 47 പന്തില്‍ മൂന്ന് ബൗണ്ടറികളും അഞ്ച് സിക്‌സും സഹിതം 77 റണ്‍സായിരുന്നു ഗില്ലിന്‍റെ സമ്പാദ്യം.
ഇരുവരും ആക്രമിച്ചതോടെ വിന്‍ഡീസ് ബോളര്‍മാര്‍ക്ക് ഒരു ഘട്ടത്തിലും ഇന്ത്യയെ പ്രതിരോധത്തില്‍ ആക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ 16-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ശുഭ്‌മാന്‍ ഗില്ലിനെ വീഴ്‌ത്തി റൊമാരിയോ ഷെപ്പേര്‍ഡാണ് വിന്‍ഡീസിന് ചെറിയ ആശ്വാസം പകര്‍ന്നത്. ഒന്നാം വിക്കറ്റില്‍ 165 റണ്‍സാണ് ശുഭ്‌മാന്‍ ഗില്‍ - യശസ്വി ജയ്‌സ്വാള്‍ സഖ്യം നേടിയിരുന്നത്. ഇതോടെ അന്താരാഷ്‌ട്ര ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് എന്ന രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യത്തിന്‍റെ റെക്കോഡിനൊപ്പമെത്താനും ഇരുവര്‍ക്കും കഴിഞ്ഞു.
2017 ഡിസംബറില്‍ ശ്രീലങ്കയ്‌ക്ക് എതിരെയായിരുന്നു രോഹിത്തും രാഹുലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 165 റണ്‍സ് അടിച്ചത്. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ രോഹിത് 43 പന്തിൽ 12 ഫോറും 10 സിക്‌സുകളും സഹിതം 118 റൺസ് നേടിയപ്പോള്‍ രാഹുൽ 89 റൺസായിരുന്നു കണ്ടെത്തിയിരുന്നത്. 2018-ല്‍ അയര്‍ലന്‍ഡിനെതിരെ രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍ സഖ്യം 160 റണ്‍സ് നേടിയിട്ടുണ്ട്. 2017-ല്‍ ന്യൂസിലന്‍ഡിനെതിരെ 158 റണ്‍സ് നേടാനും ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്.
അതേസമയം നേരത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 178 റണ്‍സ് നേടിയത്. ഷിമ്രോണ്‍ ഹെറ്റ്‌മെയറും ഷായ് ഹോപ്പും മാത്രമാണ് ടീമിനായി തിളങ്ങിയത്. ഹെറ്റ്‌മെയര്‍ 39 പന്തുകളില്‍ മൂന്ന് ഫോറുകളും നാല് സിക്‌സുകളും സഹിതം 61 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്.
29 പന്തുകളില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സും സഹിതം 45 റണ്‍സായിരുന്നു ഷായ് ഹോപ്പിന്‍റെ സമ്പാദ്യം. മറുപടിക്കിറങ്ങിയ ഇന്ത്യ 17 ഓവറില്‍ 179 റണ്‍സ് നേടിയാണ് കളിയവസാനിപ്പിച്ചത്. ജയ്‌സ്വാളിനൊപ്പം തിലക് വര്‍മയും (5 പന്തില്‍ 7) പുറത്താവാതെ നിന്നിരുന്നു. വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 2-2ന് വിന്‍ഡീസിനൊപ്പമെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഇതോടെ ഇന്ന് നടക്കുന്ന അവസാന ടി20 വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.