ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം ഇഷാന്‍ കിഷനും ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയിരുന്നു. ഡൊമിനിക്കയിലെ വിൻഡ്‌സർ പാർക്കിൽ നടന്ന മത്സരത്തില്‍ ടോസ് ഭാഗ്യം ആതിഥേയര്‍ക്കൊപ്പം നിന്നുവെങ്കിലും തുടക്കം മുതല്‍ക്ക് ഇന്ത്യന്‍ ആധിപത്യമാണ് കാണാന്‍ കഴിഞ്ഞത്. അഞ്ച് വിക്കറ്റുമായി ആര്‍ അശ്വിന്‍ (R Ashwin) തിളങ്ങിയതോടെ ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിന് വിന്‍ഡീസ് ഓള്‍ ഔട്ട് ആയിരുന്നു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം (Rohit Sharma ) ഓപ്പണിനിറങ്ങിയ യശസ്വി ജയ്‌സ്വാള്‍ മികച്ച അടിത്തറ ഒരുക്കിയിരുന്നു. 229 റണ്‍സ് നീണ്ടുനിന്ന ഈ കൂട്ടുകെട്ട് രോഹിത്തിന്‍റെ പുറത്താവലോടെയാണ് പിരിയുന്നത്. തുടര്‍ന്നെത്തിയവരില്‍ ശുഭ്‌മാന്‍ ഗില്ലും അജിങ്ക്യ രഹാനെയും നിരാശപ്പെടുത്തിയെങ്കിലും വിരാട് കോലി അര്‍ധ സെഞ്ചുറി കണ്ടെത്തിയതോടെ വിന്‍ഡീസിനെതിരെ മികച്ച ലീഡ് ഉറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
കോലി മടങ്ങിയതിന് ശേഷം ഏഴാം നമ്പറിലാണ് ഇഷാന്‍ കിഷനെ (Ishan Kishan) ഇന്ത്യ ബാറ്റ് ചെയ്യാന്‍ അയച്ചത്. അരങ്ങേറ്റ മത്സരം കളിക്കുന്ന ഇഷാന്‍ അക്കൗണ്ട് തുറന്നതിന് ശേഷം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനായിരുന്നു ഇന്ത്യന്‍ ക്യാമ്പിന്‍റെ തീരുമാനം. എന്നാല്‍ കളത്തിലെത്തിയ താരം മെല്ലപ്പോക്ക് നയമാണ് സ്വീകരിച്ചത്.
നേരിട്ട ആദ്യ 19 പന്തികളില്‍ മുട്ടി നിന്ന ഇഷാന് റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല. 24-കാരന്‍റെ ഈ ബാറ്റിങ് സമീപനം ഇന്ത്യന്‍ നായകന്‍ രോഹിത് ശർമയെ അസ്വസ്ഥനാക്കുകയും ചെയ്‌തു. ഇതോടെ വേഗം ഒരു റണ്‍സെടുക്കാന്‍ ഡ്രസിങ് റൂമിൽ നിന്ന് ആംഗ്യം കാണിക്കുന്ന രോഹിത് ശർമയെയാണ് കാണാന്‍ കഴിഞ്ഞത്. താക്കീത് ലഭിച്ചതിന് തൊട്ടു പിന്നാലെ ഇഷാന്‍ ഒരു റൺ ഓടിയെടുത്തതിന് പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്‌തു.
ഇഷാനൊപ്പം രവീന്ദ്ര ജഡേജയാണ് (37*) കൂട്ടിനുണ്ടായിരുന്നത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 421 റൺസ് എടുത്ത് 271 റണ്‍സിന്‍റെ ശക്തമായ ലീഡ് എടുത്തായിരുന്നു സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ 221 പന്തുകളില്‍ 103 റണ്‍സും യശസ്വി ജയ്‌സ്വാള്‍ 387 പന്തുകളില്‍ 171 റണ്‍സും വിരാട് കോലി 182 പന്തുകളില്‍ നിന്നും 76 റണ്‍സുമായിരുന്നു നേടിയിരുന്നത്.
കൂറ്റന്‍ ലീഡ് വഴങ്ങിയ രണ്ടാം ഇന്നിങ്സിനിറങ്ങിയ വിന്‍ഡീസിന് വീണ്ടും അശ്വിന് മുന്നില്‍ അടി പതറിയതോടെ 130 റണ്‍സില്‍ സംഘം കൂടാരം കയറുകയും ചെയ്‌തു. ഇതോടെ ഇന്നിങ്‌സിനും 141 റണ്‍സിനുമാണ് ഇന്ത്യ വിജയം പിടിച്ചത്. ഇത്തവണ ഏഴ് വിക്കറ്റുകളാണ് അര്‍ അശ്വിന്‍ സ്വന്തമാക്കിയത്.
വിജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പുതിയ സൈക്കിളിലെ ആദ്യ മത്സരത്തിനായാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും വിൻഡ്‌സർ പാർക്കിൽ ഇറങ്ങിയത്. കളി പിടിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പുതിയ സൈക്കിളില്‍ വിജയത്തുടക്കം കുറിക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ജൂലൈ 20-ന് ക്യൂന്‍സ് പാര്‍ക്കിലാണ് അടുത്ത ടെസ്റ്റ് തുടങ്ങുക.
ALSO READ: 'കോലിയെ ലോക ക്രിക്കറ്റിലെ രാജാവായി ആഘോഷിക്കാം'; ഇതുപോലെ ഈഗോ മാറ്റിവച്ച് കളിക്കണമെന്ന് ആകാശ് ചോപ്ര