മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള തന്‍റെ വരവ് തകര്‍പ്പന്‍ സെഞ്ചുറിയോടെയാണ് ഇന്ത്യയുടെ യുവ താരം യശ്വസി ജയ്‌സ്വാള്‍ (Yashasvi Jaiswal ) പ്രഖ്യാപിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ 387 പന്തുകളില്‍ നിന്നും 171 റണ്‍സാണ് 21കാരനായ യശ്വസി ജയ്‌സ്വാള്‍ നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് ഒപ്പം ഓപ്പണിങ്ങിനിറങ്ങി ശ്രദ്ധയോടെയായിരുന്നു ജയ്‌സ്വാള്‍ തന്‍റെ ഇന്നിങ്‌സ് കെട്ടിപ്പടുത്തത്.
വിന്‍ഡീസിനെതിരായ താരത്തിന്‍റെ മിന്നും പ്രകടനത്തെ പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും പ്രയാസമുള്ള ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും കളിക്കാന്‍ ഇപ്പോള്‍ തന്നെ യശസ്വി ജയ്‌സ്വാൾ പൂർണമായും തയ്യാറാണെന്നാണ് ഇഷാന്ത് ശർമ (Ishant Sharma ) പറയുന്നത്. ഓപ്പണറെന്ന നിലയില്‍ ന്യൂബോള്‍ നേരിടാനുള്ള യശസ്വി ജയ്‌സ്വാളിന്‍റെ മികവിനെയാണ് ഇഷാന്ത് ചൂണ്ടിക്കാട്ടുന്നത്.
'എന്‍റെ അഭിപ്രായത്തിൽ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് കളിക്കാൻ ഇപ്പോള്‍ തന്നെ അവന്‍ പൂർണമായും തയ്യാറാണ്. കാരണം, വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്നിങ്സില്‍ അവന്‍ അടിച്ച ബൗണ്ടറികളിലധികം ന്യൂ ബോളിലാണ് പിറന്നത്. അതാവട്ടെ കട്ട് അല്ലെങ്കിൽ പുൾ ഷോട്ടുകള്‍ കളിച്ചാണ് അവന്‍ നേടിയത് ' - 34കാരനായ ഇഷാന്ത് പറഞ്ഞു.
ജയ്‌സ്വാളിന്‍റെ ക്രിക്കറ്റിനെക്കുറിച്ചുള്ള അവബോധത്തെയും ഷോട്ട് സെലക്ഷനെയും അഭിനന്ദിച്ച ഇഷാന്ത് ഇതിനികം തന്നെ താരം ഏറെ പക്വത നേടിക്കഴിഞ്ഞതായും പറഞ്ഞു. 'ഒരു ഓപ്പണിങ് ബാറ്റര്‍ ഫുൾ ഡെലിവറിയില്‍ കവർ ഡ്രൈവ് കളിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത് മികച്ച അടയാളമാണ്. നിങ്ങൾ കവർ ഡ്രൈവ് കളിക്കുകയാണെങ്കിൽ, നിങ്ങൾ പിന്നിലോ സ്ലിപ്പിലോ പിടിക്കപ്പെടാനുള്ള സാധ്യതയുണ്ട്'.
'എന്നാല്‍ ഏറെ ശ്രദ്ധയോടെയാണ് ഇക്കാര്യം ജയ്‌സ്വാള്‍ കൈകാര്യം ചെയ്‌തത്. ന്യൂ ബോളിനെതിരെ കട്ട്, പുൾ ഷോട്ടുകളിലൂടെയാണ് അവന്‍ റണ്‍സ് സ്‌കോര്‍ ചെയ്‌തത്. ഒരോ ബാറ്ററുടേയും കരുത്തായ ഷോട്ടുകളാണത്. തീര്‍ത്തും അപകടകരമായ പന്തുകളെ ഏറെ മികച്ച രീതിയിലായിരുന്നു അവന്‍ പ്രതിരോധിച്ചത്. ഒരു ഓപ്പണറെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ കാര്യമാണിത ' - ഇഷാന്ത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
അതേസമയം മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 141 റണ്‍സിനും വിജയം നേടിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് 150 റണ്‍സിന് പുറത്തായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യയാവട്ടെ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 421 റൺസ് എടുത്ത് 271 റണ്‍സിന്‍റെ ശക്തമായ ലീഡ് നേടി ഡിക്ലയര്‍ ചെയ്‌തു.
രണ്ടാം ഇന്നിങ്‌സില്‍ 130 റണ്‍സിനാണ് വിന്‍ഡീസ് കൂടാരം കയറിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ ഏഴും വിക്കറ്റുകള്‍ വീഴ്‌ത്തിയ ആര്‍ അശ്വിനാണ് വിന്‍ഡീസിന്‍റെ നടുവൊടിച്ചത്. ഇന്ത്യയ്‌ക്കായി ജയ്‌സ്വാളിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെഞ്ചുറി നേടിയിരുന്നു. 221 പന്തില്‍ 103 റണ്‍സാണ് രോഹിത് നേടിയത്. അര്‍ധ സെഞ്ചുറിയുമായി വിരാട് കോലിയും തിളങ്ങി. 182 പന്തില്‍ 76 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.
ALSO READ: 'കോലിയെ ലോക ക്രിക്കറ്റിലെ രാജാവായി ആഘോഷിക്കാം'; ഇതുപോലെ ഈഗോ മാറ്റിവച്ച് കളിക്കണമെന്ന് ആകാശ് ചോപ്ര