ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ടി20 പരമ്പര കൈവിട്ട് ഇന്ത്യ (India). അഞ്ചാം ടി20യില്‍ ഹര്‍ദിക് പാണ്ഡ്യയേയും (Hardik Pandya) സംഘത്തെയും എട്ട് വിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ബ്രാന്‍ഡന്‍ കിങ്ങിന്‍റെയും (Brandon King) നിക്കോളസ് പുരാന്‍റെയും (Nicholas Pooran) ബാറ്റിങ് മികവില്‍ 12 പന്ത് ശേഷിക്കെയാണ് വിന്‍ഡീസ് മറികടന്നത്.
166 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് തുടക്കം അത്ര ഗംഭീരമാക്കാനായിരുന്നില്ല. 1.2 ഓവറില്‍ സ്‌കോര്‍ 12ല്‍ നില്‍ക്കെ തന്നെ അവര്‍ക്ക് ഓപ്പണര്‍ കെയ്‌ല്‍ മയേഴ്‌സിനെ നഷ്‌ടപ്പെട്ടു. അഞ്ച് പന്തില്‍ പത്ത് റണ്‍സ് നേടിയ മയേഴ്സ് അര്‍ഷ്‌ദീപിന്‍റെ പന്തില്‍ ജയ്‌സ്വാളിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
മൂന്നാമനായി ക്രീസിലെത്തിയ നിക്കോളസ് പുരാനും ബ്രാന്‍ഡന്‍ കിങും ചേര്‍ന്ന് പിന്നീട് മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും അനായാസം റണ്‍സ് കണ്ടെത്തിയതോടെ ഇന്ത്യ ചിത്രത്തിലേ ഇല്ലാതെയായി. രണ്ടാം വിക്കറ്റില്‍ ബ്രാന്‍ഡന്‍ - പുരാന്‍ സഖ്യം 107 റണ്‍സായിരുന്നു കൂട്ടിച്ചേര്‍ത്തത്.
ഇടയ്‌ക്ക് മഴ തടസപ്പെടുത്തിയെങ്കിലും അതൊന്നും വിന്‍ഡീസ് ബാറ്റര്‍മാരെ കാര്യമായി ബാധിച്ചില്ല. സ്‌കോര്‍ 119-ല്‍ നില്‍ക്കെയാണ് നിക്കോളാസ് പുരാനെ അവര്‍ക്ക് നഷ്‌ടപ്പെടുന്നത്. 35 പന്തില്‍ 47 റണ്‍സ് അടിച്ചെടുത്ത പുരാനെ തിലക് വര്‍മ്മയാണ് വീഴ്‌ത്തിയത്.
ഇന്ത്യ മത്സരം ഏറെക്കുറെ കൈവിട്ട നിമിഷത്തിലായിരുന്നു പുരാന്‍റെ വിക്കറ്റ് നേടിയത്. ബ്രേക്ക് ത്രൂ സ്വന്തമാക്കിയിട്ടും മത്സരത്തിലേക്ക് ഒരു തിരിച്ചുവരവ് ഇന്ത്യയ്‌ക്ക് സാധ്യമായിരുന്നില്ല. പുരാനെ നഷ്‌ടപ്പെട്ടതോടെ പിന്നീട് ഷായ് ഹോപ്പിനെ (22) കൂട്ടുപിടിച്ച് ബ്രാന്‍ഡന്‍ കിങ് ആതിഥേയരെ പരമ്പര നേട്ടത്തിലേക്ക് എത്തിക്കുകയായിരുന്നു.
55 പന്ത് നേരിട്ട ബ്രാന്‍ഡന്‍ കിങ് പുറത്താകാതെ 85 റണ്‍സാണ് നേടിയത്. അഞ്ച് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു ബ്രാന്‍ഡന്‍ കിങ്ങിന്‍റെ ഇന്നിങ്സ്.
നേരത്തേ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 9 വിക്കറ്റ് നഷ്‌ടയത്തിലാണ് 165 റണ്‍സ് നേടിയത്. തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യയെ സൂര്യകുമാര്‍ യാദവിന്‍റെ അര്‍ധസെഞ്ച്വറി പ്രകടനമാണ് രക്ഷപ്പെടുത്തിയത്. മൂന്ന് ഓവറിനുള്ളില്‍ തന്നെ ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരായെ യശസ്വി ജയ്‌സ്വാളിനെയും (5) ശുഭ്‌മാന്‍ ഗില്ലിനെയും (9) നഷ്‌ടപ്പെട്ടു.
അകീല്‍ ഹൊസൈനാണ് ഇരുവരെയും പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച തിലക് വര്‍മ - സൂര്യകുമാര്‍ യാദവ് സഖ്യത്തിന്‍റെ ചെറുത്ത് നില്‍പ്പാണ് വമ്പന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്താതെ ഇന്ത്യയെ രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
27 റണ്‍സുമായി തിലക് വര്‍മ മടങ്ങിയതിന് പിന്നാലെ എത്തിയവരില്‍ ആര്‍ക്കും ടീമിനായി മികച്ച സംഭാവനകള്‍ നല്‍കാനായില്ല. സഞ്ജു സാംസണ്‍ (13) വീണ്ടും നിരാശപ്പെടുത്തി. ഹര്‍ദിക് പാണ്ഡ്യ (14), സൂര്യകുമാര്‍ യാദവ് (45 പന്തില്‍ 61), അക്‌സര്‍ പട്ടേല്‍ (13), അര്‍ഷ്‌ദീപ് സിങ് (8), കുല്‍ദീപ് യാദവ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. യുസ്‌വേന്ദ്ര ചാഹല്‍ (0), മുകേഷ് കുമാര്‍ (4) എന്നിവര്‍ പുറത്താകാതെ നിന്നു.