മുംബൈ : വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ നിരാശാജനകമായ പ്രകടനമായിരുന്നു മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ നടത്തിയത്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 32 റൺസ് മാത്രമാണ് സഞ്‌ജുവിന് നേടാനായത്. വെറും 10.67 ആണ് ബാറ്റിങ് ശരാശരി.
കരീബിയൻ ടീമിനെതിരെ 12, 7, 13 എന്നിങ്ങനെയായിരുന്നു സഞ്‌ജു സ്‌കോര്‍ ചെയ്‌തത്. ഇതില്‍ രണ്ട് ഇന്നിങ്‌സുകളില്‍ അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്ത 28-കാരന്‍ മറ്റൊരു ഇന്നിങ്‌സില്‍ ആറാം നമ്പറിലായിരുന്നു കളിക്കാനെത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും സഞ്‌ജു സാംസൺ സാധാരണയായി മൂന്നോ അല്ലെങ്കില്‍ നാലോ നമ്പറുകളിലാണ് ബാറ്റ് ചെയ്യാനെത്താറുള്ളത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ഇപ്പോഴിതാ സഞ്‌ജുവിനെ കൈകാര്യം ചെയ്യുന്നതില്‍ ടീം മാനേജ്‌മെന്‍റിന് വീഴ്‌ചയുണ്ടായെന്ന കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം അഭിഷേക് നായർ. സഞ്‌ജുവിന്‍റെ കഴിവ് പ്രയോജനപ്പെടുത്താന്‍ താരത്തെ മൂന്നാം നമ്പറിലാണ് കളിപ്പിക്കേണ്ടതെന്നാണ് അഭിഷേക് നായർ പറയുന്നത്. അതിനായില്ലെങ്കില്‍ പകരം റിങ്കു സിങ്ങിനെയാണ് കളിപ്പിക്കേണ്ടതെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.
"നിങ്ങൾക്ക് സഞ്ജുവിന്‍റെ കഴിവ് കൂടുതൽ പ്രയോജനപ്പെടുത്തണമെങ്കിൽ, മൂന്നാം നമ്പറിലാണ് കളിപ്പിക്കേണ്ടത്. കാരണം അതാണ് അവന്‍റെ നമ്പര്‍. അവിടെ കളിച്ച് ശീലിച്ച അവന്‍, ആ നമ്പറിലാണ് തന്‍റെ കഴിവ് തെളിയിച്ചത്. അതിനായില്ലെങ്കില്‍ സഞ്‌ജുവിനെ കളിപ്പിക്കാതിരിക്കുന്നതാവും നല്ലത്"- അഭിഷേക് നായര്‍ പറഞ്ഞു.
ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ സഞ്‌ജുവിനെ അയയ്‌ക്കുന്നതിന് പകരം റിങ്കു സിങ്ങിനെ കളിപ്പിക്കാമെന്നും അഭിഷേക് അഭിപ്രായപ്പെട്ടു. "സഞ്‌ജുവിനെ അഞ്ചോ-ആറോ നമ്പറുകളില്‍ കളിപ്പിക്കുന്നതിന് പകരം റിങ്കു സിങ്ങിന് അവസരം നല്‍കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.
ALSO READ: Sanju Samson |3, 4, 5, 6...സഞ്ജുവിന്‍റെ നമ്പർ ഏതാണ്, ചോദ്യം ഇന്ത്യൻ ടീം മാനേജമെന്‍റിനോടാണ്...
ആദ്യ മൂന്ന് സ്ഥാനങ്ങളിൽ കളിക്കുകയാണെങ്കില്‍ സഞ്‌ജുവില്‍ നിന്നും കൂടുതല്‍ പ്രയോജനം ലഭിക്കും. പവർപ്ലേയിൽ നല്ല ഷോട്ടുകൾ കളിക്കാനും പിന്നീട് സ്‌പിന്നര്‍മാര്‍ക്കെതിരെ തിളങ്ങാനും സഞ്‌ജുവിന് സാധിക്കും. നിലവില്‍ ശരിയായ സ്ഥാനത്ത് അല്ല സഞ്‌ജുവിനെ കളിപ്പിക്കുന്നത്. താരത്തിന് ഇനിയും അവസരം ലഭിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്"- അഭിഷേക് നായർ കൂട്ടിച്ചേര്‍ത്തു.
ALSO READ: Sanju Samson| ധോണിയെ ഗാംഗുലി ചെയ്‌തതുപോലെ; സഞ്‌ജുവിന്‍റെ കാര്യത്തിലും ആ തീരുമാനമെടുക്കണം
അതേസമയം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയാണ് ഇനി ഇന്ത്യന്‍ ടീമിനേയും സഞ്‌ജുവിനേയും കാത്തിരിക്കുന്നത്. പരമ്പരയില്‍ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് 28-കാരന്‍ ഇടം നേടിയിട്ടുള്ളത്. മൂന്ന് മത്സര പരമ്പരയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏഷ്യ കപ്പ് സ്‌ക്വാഡിലേക്ക് ഇടം നേടാമെന്ന താരത്തിന്‍റെ പ്രതീക്ഷകള്‍ അവസാനിക്കും. ഇതോടൊപ്പം ഐപിഎല്ലിലടക്കം മിന്നും പ്രകടനം നടത്തിയ ജിതേഷ് ശര്‍മ ഉള്‍പ്പടെയുള്ള താരങ്ങള്‍ പുറത്തിരിക്കെ ഇന്ത്യയുടെ ടി20 ടീമില്‍ താരത്തിന്‍റെ സ്ഥാനവും ചോദ്യചിഹ്നമായി മാറും.