മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം പിടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഡൊമിനിക്കയിലെ വിൻഡ്‌സർ പാർക്കിൽ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യ വിജയം പിടിച്ചത്. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാളും സെഞ്ചുറി നേടിയപ്പോള്‍ അര്‍ധ സെഞ്ചുറിയുമായി വിരാട് കോലിയും തിളങ്ങിയിരുന്നു. പന്തുകൊണ്ടാവാട്ടെ രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റുകള്‍ വീഴ്‌ത്തിയ ആര്‍ അശ്വിനാണ് വിന്‍ഡീസിന്‍റെ നടുവൊടിച്ചത്.
സ്‌പിന്നര്‍മാരെ പിന്തുണച്ച വിൻഡ്‌സർ പാർക്കിലെ പിച്ചില്‍ ഏറെ കരുതലോടെയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബാറ്റ് വീശിയത്. ഇക്കൂട്ടത്തില്‍ ഏറെ ക്ഷമയോടെയുള്ള വിരാട് കോലിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. പതിവ് ശൈലിയില്‍ നിന്നും മാറി കളിച്ച കോലിക്ക് ഇന്നിങ്‌സിലെ തന്‍റെ ആദ്യ ബൗണ്ടറി കണ്ടെത്താന്‍ 80 പന്തുകളാണ് വേണ്ടി വന്നത്. ഇപ്പോഴിതാ വിരാട് കോലിയുടെ ഈ പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
വിരാട് കോലി തന്‍റെ ഈഗോ മാറ്റിവച്ചാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ചതെന്നാണ് ആകാശ് ചോപ്ര പറയുന്നത്. 'വെസ്റ്റ് ഇന്‍ഡീസിനെതിരെ വിൻഡ്‌സർ പാർക്കിൽ വളരെ വ്യത്യസ്‌തമായ രീതിയിലാണ് വിരാട് കോലി (Virat Kohli ) കളിച്ചത്. 80 പന്തുകൾക്ക് ശേഷമാണ് കോലി ഇന്നിങ്‌സിലെ തന്‍റെ ആദ്യ ബൗണ്ടറി അടിച്ചത്. അത് ആഘോഷിക്കുകയും ചെയ്‌തു'.
'ഈ ഇന്നിങ്‌സിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഈഗോ പൂര്‍ണമായും മാറ്റിവച്ചാണ് കോലി കളിച്ചതെന്നാണ്. നമുക്ക് അദ്ദേഹത്തെ ലോക ക്രിക്കറ്റിലെ രാജാവായി ആഘോഷിക്കാം. എന്നാല്‍ പിച്ചില്‍ കാര്യമായ പിന്തുണയില്ലെന്നും, അത്ര എളുപ്പം ഫോറുകൾ ലഭിക്കില്ലെന്നും തോന്നിയതോടെ 'കുഴപ്പമില്ല, ഞാൻ കാത്തിരിക്കാം' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതാണ് ഈ കളിക്കാരനെ ഏപ്പോഴും സ്പെഷ്യലാക്കുന്നത്'- ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
മത്സരത്തില്‍ 182 പന്തുകളില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതം 76 റണ്‍സായിരുന്നു വിരാട് കോലി നേടിയത്. ആദ്യ ബൗണ്ടറിക്ക് ശേഷം കൈ ഉയര്‍ത്തിയുള്ള 35കാരനായ വിരാട് കോലിയുടെ ആഘോഷം ആരാധകരുടേയും കമന്‍റേറ്റര്‍മാരുടേയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
അതേസമയം, ഈ പ്രകടനത്തോടെ ഇന്ത്യയ്‌ക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാനും വിരാട് കോലിക്ക് കഴിഞ്ഞു. 110 ടെസ്റ്റുകളില്‍ നിന്ന് നിലവില്‍ 8555 റണ്‍സാണ് വിരാട് കോലിയുടെ അക്കൗണ്ടിലുള്ളത്. വിരേന്ദര്‍ സെവാഗിനെ മറികടന്നാണ് കോലി അഞ്ചാം സ്ഥാനത്തേക്ക് കയറിയത്.
103 ടെസ്റ്റുകളില്‍ നിന്നും 8503 റണ്‍സാണ് സെവാഗ് നേടിയിട്ടുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ തലപ്പത്തുള്ളത്. 200 ടെസ്റ്റുകളില്‍ നിന്നും 15921 റണ്‍സാണ് സച്ചിന്‍ അടിച്ചുകൂട്ടിയിട്ടുള്ളത്. രാഹുല്‍ ദ്രാവിഡ് ( 163 ടെസ്റ്റികളില്‍ നിന്നും 13265), സുനില്‍ ഗാവസ്‌കര്‍ (125 ടെസ്റ്റുകളില്‍ നിന്നും 10122), വി.വി.എസ് ലക്ഷ്‌മണ്‍ (134 ടെസ്റ്റുകളില്‍ നിന്നും 8781) എന്നിവരാണ് പട്ടികയില്‍ കോലിയ്ക്ക് മുന്നിലുള്ളത്.
ALSO READ: Shikhar Dhawan| എന്നും വിശ്വസ്തൻ, പകരക്കാരൻ നായകൻ...വിട പറയാനൊരു അവസരമില്ലാതെ ശിഖർ ധവാൻ